ദുബായ് : ഇന്ത്യക്കാരന് ദുബായിൽ വീണ്ടും കോടികളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രി മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഹയർ എജുക്കേഷൻ വിഭാഗത്തിൽ ഡയറക്ടറായ നിതേഷ് സുഗ് നാനിക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടത്തിയ നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്.
337 സീരിസിലെ 2321 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഓഗസ്റ്റ് 13ന് നിതേഷ് ഓണ്‍ലൈനായാണ് ടിക്കറ്റെടുത്തത്. 30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ് 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ നിതേഷിന് ബി.എം.ഡബ്ല്യൂ 750Li കാര്‍ സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 1995ല്‍ നിതേഷിന്റെ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ 850 CiA കാര്‍ ലഭിച്ചിട്ടുണ്ട്.
വീണ്ടും ജയിക്കുമെന്ന വിശ്വാസമുള്ളതിനാലാണ് നറുക്കെടുപ്പിൽ പങ്കെടുത്തതെന്ന് നിതേഷ് പറയുന്നു. 1999 ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം പത്ത് ലക്ഷം യുഎസ് ഡോളർ നേടിയ 167-ാമത് ഇന്ത്യക്കാരനാണ് നിതേഷ് സുഗ്നാനി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്.
അതേസമയം മറ്റൊരു ഇന്ത്യക്കാരനായ ജോബി ജോണിനും ഇന്നത്തെ നറുക്കെടുപ്പില്‍ ആംഢംബര ബൈക്ക് സമ്മാനമായി ലഭിച്ചു. ഓഗസ്റ്റ് 12ന് ഓണ്‍ലൈനിലെടുത്ത 0596 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. 36കാരനായ അദ്ദേഹം ദുബായില്‍ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് രണ്ടാഴ്‍ച മുമ്പാണ് സ്വന്തമാക്കിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് ജോബി ജോണ്‍.
Post Your Comments