ആരോഗ്യ വിദഗ്ദ്ധർ മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിനെത്തിച്ച യുവതിക്ക് ഫ്യൂണറൽ ഹോമിൽ വച്ചു ജീവൻ വന്നു. യു എസിലെ മിഷിഗണിലാണ് സംഭവം. ഇരുപതുകാരിയായ യുവതിയെ വീട്ടിൽ ചലനമറ്റ നിലയിൽ കണ്ടതിനെ തുടർന്ന് മാതാവ് അടിയന്തിര വൈദ്യ സഹായം തേടിയിരുന്നു. സ്ഥലത്തെത്തിയ പാരാ മെഡിക്കൽ സംഘം മുപ്പത് മിനിറ്റോളം സി പി ആർ അടക്കം പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും യുവതിക്ക് ചലനം ഒന്നും ഉണ്ടായില്ല. ഇതോടെ അവർ മരിച്ചതായി വിധിയെഴുതുകയായിരുന്നു. മാതാവിനെയും ഇക്കാര്യം അറിയിച്ചു.
തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ഫ്യൂണറൽ ഹോമിലെത്തിച്ചപ്പോഴാണ് യുവതിക്ക് ശ്വാസം ഉണ്ടെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. ആദ്യം വിശ്വസിക്കാൻ തന്നെ പ്രയാസപെട്ടുവെന്നാണ് ‘അമ്മ പറയുന്നത് . ജീവനുള്ള ഒരാൾ മരിച്ചു എന്നു എങ്ങനെയാണ് അവർക്ക് പറയാൻ കഴിഞ്ഞതെന്നും ഇവർ ചോദിക്കുന്നു . ഫ്യൂണറൽ ഹോമിലെ ആളുകൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്ത് എത്തിയ മെഡിക്കൽ സംഘം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
‘താൻ ആകെ തകർന്ന നിലയിലാണെന്നാണ് യുവതിയുടെ അമ്മ പറയുന്നത്.. ‘പറയാൻ വാക്കുകൾ പോലും ഇല്ല.. ജീവനോടെയുള്ള ഒരാൾ മരിച്ചുവെന്നും അവർ എങ്ങനെയാണ് വിധിയെഴുതിയത്.. എന്‍റെ മകൾ ഇപ്പോൾ ആശുപത്രിയിലാണ്’ എന്നായിരുന്നു യുവതിയുടെ അമ്മയുടെ വാക്കുകൾ.
ഇക്കഴിഞ്ഞ ഞായറാഴ്ചാണ് യുവതിയെ വീട്ടിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക ശുശ്രൂഷകളിൽ നൽകിയെങ്കിലും ജീവന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. സമീപത്തെ ഒരു എമർജൻസി റൂമിലെ ഡോക്ടറാണ് യുവതിയുടെ മരണം ഉറപ്പാക്കിയെന്ന വിവരം നൽകിയത്. ഇതനുസരിച്ച് നടപടിക്രമങ്ങൾ മാത്രമാണ് ഫയർ ആൻഡ് റെസ്ക്യു വിഭാഗം നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments