
മലപ്പുറം: പഠനാവശ്യാര്‍ഥം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല-നഗ്നതാ പ്രദര്‍ശനം , കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കയറാന്‍ ഭയം. പഠനാവശ്യാര്‍ഥം ആരംഭിച്ച വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ ക്ലാസുകളിലും സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സിലും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതായി പരാതികളുയരുന്നു. വാട്‌സ്ആപ് ഗ്രൂപ്പിലും സൂം ക്ലാസിലും ചേരാന്‍ അയക്കുന്ന ലിങ്ക് വഴി കയറിക്കൂടുന്ന സാമൂഹിക വിരുദ്ധരാണ് ചെറിയ കുട്ടികളുടെ മുന്നില്‍പ്പോലും നഗ്‌നത പ്രദര്‍ശനം നടത്തുകയും വിഡിയോയും ചിത്രങ്ങളും അയക്കുകയും ചെയ്യുന്നത്. ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 17 മുതല്‍ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാള്‍ ജോയിന്‍ ചെയ്ത് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. 21ന് ഇയാള്‍ സ്വയം നഗ്‌നത പ്രദര്‍ശനവും നടത്തി. ഇത് കുട്ടികളെ മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിച്ചെന്നും പ്രശ്‌നത്തിന് പരിഹാരം കാണാതെ ക്ലാസുകള്‍ തുടര്‍ന്നുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഹെഡ്മിസ്ട്രസ് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ചൈല്‍ഡ് ലൈനിലും നല്‍കിയ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിച്ച് പഠനം നടത്തുന്ന ഇക്കാലത്ത് വിഷയം ഗൗരവമായി കാണണമെന്നും ഐ.ടി ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Post Your Comments