ന്യൂഡൽഹി : ഫോണിന്റെ പാസ്‌വേഡ് ചോദിച്ചിട്ട് കൊടുക്കാത്തതിന് തുടർന്ന് യുവതിയെ പങ്കാളി ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. 35കാരിയായ മമത ശർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി ബ്രഹ്മപാൽ സിങ് (39) അറസ്റ്റിലായി.
കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.
മറ്റാരോടോ മമത ഫോണിൽ സംസാരിച്ചത് ശ്രദ്ധയിൽപ്പെട്ട ബ്രഹ്മപാൽ സിങ് ഫോണിന്റെ പാസ്‍വേഡ് ചോദിക്കുകയായിരുന്നു. ആവശ്യം നിരസിച്ചതിനു പിന്നാലെ മമതയുടെ തലയ്ക്കു ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു യുവതി. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽവന്ന 17കാരനായ മകനാണ് മമത മരിച്ചു കിടക്കുന്നതായി കണ്ടത്.
തല തകർത്ത നിലയിലായിരുന്നു മൃതദേഹം. ശരീരത്തിനടുത്ത് ഒരു ചുറ്റികയും കിടപ്പുണ്ടായിരുന്നു. ഉടനെ പൊലീസിൽ വിവരമറിയിച്ചു. യുവതിയുടെ മരണത്തിനു പിന്നാലെ കാണാതായ ബ്രഹ്മപാൽ സിങ്ങിനെ പൊലീസ് സംശയിച്ചു. സിങ് ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് രഹസ്യവിവരം കിട്ടിയ പൊലീസ്, അക്ഷർധാം മന്ദിരിനടുത്തുനിന്ന് ശനിയാഴ്ച ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മരിച്ച യുവതി മൂന്നു വർഷം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു. രണ്ടു വർഷം മുമ്പാണ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ സിങ്ങിനെ ഇവർ കണ്ടുമുട്ടിയത്.
തുടർന്ന് രണ്ടുമാസം മുമ്പ് ഇവർ ഫ്ലാറ്റ് എടുത്ത് ഒരുമിച്ച് താമസം തുടങ്ങി.
മമതയുടെ 17 വയസ്സുള്ള മകനും ഇവരോടൊപ്പം മാറി. എന്നാൽ സിങ്ങിന്റെ ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വഴക്കുണ്ടാക്കിയതിനാൽ ബന്ധം തുടരാൻ മമത ആഗ്രഹിച്ചില്ല. എന്നാൽ, ബന്ധം അവസാനിപ്പിക്കാൻ സിങ് തയാറായിരുന്നുമില്ല. ഈ പ്രശ്നത്തിനിടയിലാണു മമത മറ്റൊരാളുമായി സംസാരിച്ചതു സിങ്ങിൽ സംശയമുണ്ടാക്കിയത്. ഇതാരാണെന്നു അറിയാനായി ഫോണിന്റെ പാസ്‌വേഡ് പങ്കിടാൻ ആവശ്യപ്പെട്ടു. മമത വിസമ്മതിച്ചപ്പോൾ സിങ് യുവതിയെ മർദിച്ചു കൊല്ലുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.– ഡിസിപി വിശദീകരിച്ചു.
Post Your Comments