ന്യൂഡൽഹി : പതിനൊന്നു വയസുകാരിയെ സഹോദരിയും കാമുകനും ചേർന്ന് വെട്ടിക്കൊന്നു. ഛത്തിസ്ഗഡിലെ കോർബയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് പതിനൊന്നു വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മാതാപിതാക്കൾ തലേദിവസം വീട്ടിലില്ലാതിരുന്ന സമയത്ത് ആയിരുന്നു കൊലപാതകം. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് താൻ അനിയത്തിയെ കൊല്ലുകയായിരുന്നു എന്നാണ് സഹോദരി പറഞ്ഞത്. എന്നാൽ, ഇതിൽ വിശ്വാസം വരാത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരിയും കാമുകനും ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറംലോകം അറിഞ്ഞത്. ഇരുവർക്കുമെതിരെ പോക്സോ, ബാലനീതി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.
വെള്ളിയാഴ്ച തൊട്ടടുത്ത ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾ പോയപ്പോഴാണ് സംഭവം നടന്നത്. ഉത്സവം കഴിഞ്ഞ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ മാതാപിതാക്കൾ കണ്ടത് കൊല്ലപ്പെട്ട ഇളയമകളെയും കൊലപാതക കുറ്റം ഏറ്റുനിൽക്കുന്ന മൂത്ത മകളെയുമാണ്. മൊബൈൽ ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ട് അനിയത്തി തിരികെ നൽകിയില്ലെന്നും ഇതിൽ ദേഷ്യം വന്ന താൻ കോടാലി കൊണ്ട് അനിയത്തിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു പതിനാറുകാരി പൊലീസിനോട് പറഞ്ഞത്.
എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.പെൺകുട്ടിയുടെ ഫോണിൽ അന്നേ ദിവസത്തെ കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പറുകൾ ശേഖരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനെ കുടുക്കിയത്. തുടർന്ന് സംഭവിച്ചതെല്ലാം യുവാവ് തുറന്നു പറഞ്ഞു. വെള്ളിയാഴ്ച രാത്രി കാമുകി തന്നെയാണ് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിൽ മാതാപിതാക്കളില്ലാത്ത നേരത്ത് ആയിരുന്നു ഇത്. കാമുകനുമൊത്തുള്ള ചേച്ചിയുടെ സ്വകാര്യനിമിഷങ്ങൾ അനിയത്തി കണ്ടതോടെ സഹോദരിയും കാമുകനും ചേർന്ന് പതിനൊന്നുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. തലയണ കൊണ്ട് ആദ്യം ശ്വാസം മുട്ടിച്ച ശേഷം കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments