ബീജിങ് : കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന ചൈനയുടെ തലയ്ക്ക് മുകളില്‍ മറ്റൊരു വൻ ദുരന്ത സാധ്യത കൂടി. ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് വലിയ അപകട ഭീഷണി നേരിട്ടിരിക്കുകയാണ് ഇപ്പോൾ.
കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ഭീതിയിലാണ് പതിനായിരങ്ങള്‍.ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയിൽ യാങ്സി നദിക്ക് കുറുകെ പണിതിട്ടുള്ള ‘ത്രീ ഗോർഗ് അണക്കെട്ട്. 175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് 165.5 മീറ്റര്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് ഇവിടെ തുടരുന്നത്. സെക്കന്റില്‍ ഏഴരക്കോടി ലിറ്റര്‍ എന്ന അപകടകരമായ അവസ്ഥയിലാണ് അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. പതിനൊന്ന് ഷട്ടറുകളും തുറന്ന് സെക്കന്റില്‍ അഞ്ച് കോടി ലിറ്റര്‍ വെള്ളം വീതം തുറന്നു വിടുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥ കുറയ്ക്കാന്‍ ഇതൊന്നും മതിയാകില്ല. വരും ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പ്രവചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഈ അണക്കെട്ടിലാണ് ഉള്ളത്.
ജലനിരപ്പ് ഡാമിന്റെ ശേഷിയിലും അധികമായി ഉയർന്നാല്‍ വന്‍ ദുരന്തമായിരിക്കും ചൈനയെ കാത്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകട ഭീഷണിയിലാണ്. പതിനായിരക്കണക്കിന് വീടുകള്‍ ഒലിച്ചു പോകാം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാകാം.
Post Your Comments