പാലപ്പെട്ടിക്കാരുടെ വികാരമാണ് താജ്, അഭിമാനവും….ആ താജിനാണ് കോവിഡ് എന്ന മഹാമാരിയോടെ പൂട്ടു വീഴുന്നത്… താജിലെ ആ ഓര്‍മകള്‍ പുതുക്കി സലാം ബാപ്പുവിന്റെ കുറിപ്പ് വൈറലാകുന്നു. ഇത് പുന്നയൂര്‍കുളത്തെ പാലപ്പെട്ടിയിലെ താജ് ടാക്കീസ്. ഈ താജില്‍ കാണാത്ത സിനിമകളില്ല,
കുഞ്ഞുനാളില്‍ പുന്നയൂര്‍കുളത്തെ ഉമ്മ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ്, പാലപ്പെട്ടി താജ് ടാക്കീസ് തനിയ്ക്ക് ഇത്രയും പ്രിയപ്പെട്ടതായി മാറിയെന്ന് സലാം ബാപ്പു എന്ന യുവാവ് പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാലപ്പെട്ടിക്കാരുടെ വികാരമാണ് താജ്, അഭിമാനവും….ആ താജിനാണ് കോവിഡ് എന്ന മഹാമാരിയോടെ പൂട്ടു വീഴുന്നത്… താജിലെ ആ ഓര്‍മകള്‍ പുതുക്കി സലാം ബാപ്പുവിന്റെ കുറിപ്പ് വൈറലാകുന്നു . ഇന്നൊരു വെള്ളിയാഴ്ചയാണ്… ഇപ്പോള്‍ സമയം 2:45.
ഇത് പോലെയുള്ള വെള്ളിയാഴ്ചകളില്‍ കൃത്യം 2:45 ന് പാലപ്പെട്ടി താജില്‍ മാറ്റിനി തുടങ്ങും… ഇനി മുതല്‍ പാലപ്പെട്ടി താജിന്റെ സ്ക്രീനില്‍ സിനിമകള്‍ പറന്നിറങ്ങില്ല, ഇഷ്ടതാരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടങ്ങള്‍ കാണാനും കേള്‍ക്കാനും കഴിയില്ല…
കഴിഞ്ഞ ദിവസം എന്റെ സുഹൃത്തും താജിന്റെ ഇപ്പോഴത്തെ ഉടമയും നടത്തിപ്പുകാരനുമായ ഖാദര്‍ക്ക (Abdul Kadher Thandamkoly) അദ്ദേഹത്തിന്റെ മുഖപുസ്തകത്തില്‍ കുറിച്ചു. ‘പ്രിയപ്പെട്ട എന്റെ നാട്ടുകാരോടും, എല്ലാ സിനിമാ-ഫുട്ബോള്‍ പ്രേമികളോടും ഇത്രയും കാലം എന്നോടും താജ് എന്ന നിങ്ങളുടെ സ്വന്തം തിയേറ്റററിനോടും സഹകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി. 1979ല്‍, ഉപ്പയും സുഹൃത്ത് ബാപ്പുക്കയും തുടങ്ങി വെച്ച നിങ്ങളുടെ താജ് ഇനിയില്ല. നീണ്ട നാല്പത്തിയൊന്ന് വര്‍ഷം പിന്നിടുന്നു ഈ വേളയില്‍ കോവിഡ് എന്ന മഹാമാരി എല്ലാം തകര്‍ത്തപ്പോള്‍ എനിക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു, വളരെ വേദനയോടെയാണ് ഈ ഒരു തീരുമാനത്തില്‍ എത്തിയത്. ഒരു പാട് എഴുതണമെന്നുണ്ട്.. കഴിയുന്നില്ല… എല്ലാം ഓര്‍മ്മകള്‍…
കുഞ്ഞുനാളില്‍ പുന്നയൂര്‍കുളത്തെ ഉമ്മ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ്, പാലപ്പെട്ടി താജ് ടാകീസിന്റെ ഉത്ഘാടനത്തിന്റെ അനൗണ്‍സ്മെന്റുമായി വാഹനം കടന്നു പോയത് പ്രേം നസീര്‍, ജയന്, ജയഭാരതി എന്നിവര്‍ അഭിനയിക്കുന്ന ‘ഇരുമ്പഴികള്‍’ ഇന്ന് മുതല്‍ പാലപ്പെട്ടി താജില്‍…. (ഉത്ഘടനത്തിന് മുന്‍പ് നാട്ടുകാര്‍ക്കായി സൗജന്യമായി ‘ഗുരുവായൂര്‍ കേശവന്’ പ്രദര്‍ശിപ്പിച്ചിരുന്നു) വാഹനത്തിന് പുറകെ കൂട്ടുകാരോടൊപ്പം ഓടി നോട്ടീസ് കയ്യില്‍ കിട്ടി നിവര്‍ത്തി നോക്കിയപ്പോള്‍ വായിക്കാനറിയാത്ത ആ പ്രായത്തിലും വല്ലാത്ത അഭിമാനവും സന്തോഷവും തോന്നി, പിന്നീട് സ്കൂളില്‍ ചേര്‍ന്ന് അക്ഷരം പഠിച്ചു തുടങ്ങിയപ്പോള്‍ താജിന്റെ മുന്നിലൂടെ പോകുമ്പോള്‍ തീയറ്റര്‍ നോക്കാതെയും പോസ്റ്ററുകള്‍ കൂട്ടി വായിക്കാതെയും കടന്ന് പോയിട്ടില്ല.
എന്റെ ബാല്യ കൗമാരങ്ങളെ സിനിമയോടടുപ്പിച്ചത് പാലപ്പെട്ടി താജാണ്, എത്രയെത്ര സിനിമകള്‍, മിക്കവാറും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും മാറി വരുന്ന എല്ലാ സിനിമകളും കാണും, കുഞ്ഞുനാള് മുതല്‍ അതൊരു ശീലമായിരുന്നു…. അമ്പത് പൈസ തറ ടിക്കറ്റ് മുതല്‍ കാണാന്‍ തുടങ്ങിയതാണ് പിന്നീട് വീട്ടില്‍ നിന്നും മിഠായിക്കായി കിട്ടുന്ന പൈസ സ്വരുക്കൂട്ടി ഒരു രൂപ തികഞ്ഞാല്‍ നേരെ താജിലേക്കോടും, വീട്ടുകാര്‍ അറിഞ്ഞും അറിയാതെയും…. ഇങ്ങനെ സിനിമ കാണുന്ന കാര്യത്തില്‍ മാത്രമേ ഞാന്‍ വീട്ടുകാരെ അനുസരിക്കാതിരുന്നിട്ടുള്ളു…. ഇതിന് കിട്ടിയ അടിക്ക് ഒരു കണക്കുമില്ല, ഈ കാരണം കൊണ്ട് തന്നെ മിഠായി വാങ്ങാനുള്ള പൈസയും നിലച്ചു, അപ്പോഴെല്ലാം താജിനോട് ചേര്‍ന്ന ഇടവഴിയില്‍ നിന്ന് സിനിമയുടെ ശബ്ദരേഖ മുഴുവന്‍ കേട്ട് മടങ്ങും… മതപ്രഭാഷണങ്ങള്‍ കേള്‍ക്കാനെന്നും പറഞ്ഞ് രാത്രി കാലങ്ങളില്‍ കൂട്ടുകാരോടൊപ്പം താജില്‍ പോയി എത്രയോ സിനിമകള്‍ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് പാലപ്പെട്ടി താജില്‍ നിന്നും കണ്ട സിനിമകളിലൂടെയാണ് എന്റെ സിനിമാ ബന്ധങ്ങള്‍ ആരംഭിക്കുന്നത്, എന്നെ സിനിമയിലേക്കടുപ്പിച്ച ഇടമാണ് ഇപ്പോള്‍ നാല്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നിശ്ചലമാകാന്‍ പോകുന്നത്. എറണാംകുളത്ത് സ്ഥിര താമസമാക്കിയതിന് ശേഷം ഇപ്പോഴും കൂട്ടുകാരെ വിളിക്കുമ്പോള്‍ താജിലെതാ സിനിമയെന്ന് കൗതുകത്തോടെ ചോദിക്കും, നാട്ടില്‍ പോയാല്‍ വൈകുന്നേരങ്ങളില്‍ സ്വന്തം സ്ഥാപനം പോലെ ഞാനും അമീനയും ഓഡിറ്റോറിയത്തില്‍ കയറിയിരിക്കും… കണ്ട സിനിമയാണെങ്കില്‍ പോലും….
പാലപ്പെട്ടിക്കാരുടെ വികാരമാണ് താജ്, അഭിമാനവും…. തീരദേശ മേഖലയായ പാലപ്പെട്ടിയിലെ സാധാരണ ജനങ്ങളെ നാല്പത്തിയൊന്ന് വര്‍ഷം മുന്‍പ് സിനിമയെന്ന മാന്ത്രികത കാണാന്‍ പഠിപ്പിച്ചത് 1979 ല്‍ തണ്ടാംകോളി കുഞ്ഞുമോന്ക്കയും കമ്പി ബാപ്പുക്കയും ചേര്‍ന്നാണ്, ചാവക്കാട് മുതല്‍ പൊന്നാനിവരെയുള്ളവരുടെ ജീവിതം വിനോദമാക്കാന്‍ ഓടിയെത്തിയത് ഈ തിയറ്ററിലേക്കാണ്. പരിസരത്തുള്ള മറ്റു തീയേറ്ററുകളുടെ തിരശീലകള്‍ നിശ്ചലമായപ്പോഴും പാലപ്പെട്ടി താജ് പുതിയ സാങ്കേതികതകള്‍ ഉപയോഗിച്ച് പിടിച്ചു നിന്നു, ഖാദര്ക്കായിലേക്കുള്ള തലമുറ മാറ്റത്തിലൂടെ താജ് ഒരു ഫാമിലി തീയറ്ററായി വളര്‍ന്നു. വേള്‍ഡ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ സ്ക്രീന്‍ ചെയ്ത് യുവാക്കളെ തീയേറ്ററിലേക്ക് ആകര്‍ഷിച്ചു. പൊതുഇടങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് നീണ്ട നാല്പത്തി ഒന്ന് വര്‍ഷം പാലപ്പെട്ടിക്കാരുടെ സാംസ്കാരിക കേന്ദ്രമായി തല ഉയര്‍ത്തി നിന്ന താജ് ടാക്കീസ് ഇനിയില്ല… പാലപ്പൂവിന്റെ മണത്തോടൊപ്പം താജില്‍ നിന്നും ഒഴുകിയെത്തിയിരുന്ന ചലച്ചിത്ര ഗാനങ്ങളും ഇനിയില്ല…. എല്ലാം ഓര്‍മ്മകള്‍…
Image may contain: house and outdoor
No photo description available.
Image may contain: 2 people, crowd
Image may contain: sky, tree and outdoor
+2
Post Your Comments