ചെന്നൈ∙ കോയമ്പത്തൂരില്‍ പെണ്‍വാണിഭത്തിനായി തട്ടിക്കൊണ്ടുവന്ന് ഹോട്ടലിലെ രഹസ്യ മുറിയില്‍ താമസിപ്പിച്ചിരുന്ന യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി. സിനിമകളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ള തട്ടിക്കൊണ്ടുപോകലും പെണ്‍വാണിഭവും നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് കോയമ്പത്തൂരിലെ പൊലീസുകാര്‍. കോയമ്പത്തൂര്‍ ഊട്ടി റോഡിലെ ഹോട്ടലില്‍ നിന്നാണ് കര്‍ണാടക സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കണ്ടെത്തിയത്.
ഹോട്ടലിലെ മുറിയുടെ ചുമരിലെ കണ്ണാടിക്ക് പുറകില്‍ നിര്‍മിച്ച രഹസ്യ മുറിയില്‍ അടച്ച നിലയിലായിരുന്നു പെണ്‍കുട്ടി. പുറമേനിന്ന് എല്ലാം ശാന്തം. ലോക്ടൗണിനെ തുടര്‍ന്നു അടച്ചുപൂട്ടിയ നിലയില്‍ ആയിരുന്നു സ്ഥാപനം. ഗേറ്റ് തുറന്നു പൊലീസ് അകത്തു കയറി. നടത്തിപ്പുകാരനും സഹായിയും മാത്രം അകത്ത്. തുടര്‍ന്ന് ആളൊഴിഞ്ഞ മുറികളും ഹോട്ടല്‍ റിസപ്ഷനിലും തിരച്ചില്‍ നടത്തി മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ സംഘത്തില്‍പ്പെട്ട ഒരു പൊലീസുകാരനു ചുമരില്‍ പതിച്ചിരുന്ന കണ്ണാടിയെ കുറിച്ച് സംശയം തോന്നിയത്.
കണ്ണാടിക്കു പിറകില്‍ ഒരാള്‍ക്ക് നൂഴ്നിന്നിറങ്ങാന്‍ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം.അതുവഴി നോക്കിയ പൊലീസുകാര്‍ ഞെട്ടി. ഉള്ളില്‍ ഇടുങ്ങിയ മുറിയില്‍ ഒരു ചെറിയ കട്ടിലില്‍ ഒരു 22കാരി. പുറത്തിറക്കി ചോദിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുന്നേ കര്‍ണാടകയില്‍നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് മനസ്സിലായത്. വാണിഭത്തിന് വേണ്ടി ആവശ്യക്കാരെ കാത്തിരിക്കുകയായിരുന്നു ലോഡ്ജിന്റെ നടത്തിപ്പുകാര്‍
. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാരന്‍ മഹേന്ദ്രന്‍ എന്ന 44കാരനും റൂം ബോയ് ആയ ഗണേശനെന്ന ആളും അറസ്റ്റിലായി.
മഹേന്ദ്രന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ലോഡ്ജ് നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും സമാനമായ രീതിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കണ്ടെത്തി രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പാണ് ലോഡ്ജില്‍ എത്തിച്ചതന്നാണ് വിവരം. ഏത് സാഹചര്യത്തിലാണ് പെണ്‍കുട്ടി ലോഡ്ജില്‍ എത്തിപ്പെട്ടതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഊട്ടിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ലോഡ്ജില്‍ പെണ്‍വാണിഭം നടന്നതെന്നാണ് സൂചന. രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് ഊട്ടി റോഡിലെ മേട്ടുപ്പാളയത്തു സമീപമുള്ള കള്ളാര്‍ എന്ന സ്ഥലത്ത് ശരണ്യ ലോഡ്ജില്‍ ബുധനാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്.
Post Your Comments