
ഇടുക്കി : പഴയരിക്കണ്ടത്ത് പക്ഷാഘാതം വന്ന് കടത്തിണ്ണയിൽ തളർന്നു കിടന്ന രോഗിയോട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. പിപിഇ കിറ്റിന് ഉൾപ്പെടെയുള്ള മുഴുവൻ പണവും നൽകാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർ വാശിപിടിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി പഴയരിക്കണ്ടത്തെ വീട്ടിലേക്ക് വരികയായിരുന്നു കഞ്ഞിക്കുഴി സ്വദേശിയായ ഷാജിയും ഭാര്യ ഉഷയും. ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ഷാജി കുഴഞ്ഞുവീണു. സ്ഥലത്തെ ഓട്ടോ ഡ്രൈവർ ചേർന്ന് ഇയാളെ തൊട്ടടുത്തെ ക്ലിനിക്കിൽ എത്തിക്കുകയും അവിടെത്തെ ഡോക്ടർ ഉടനടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തംഗം ആംബുലൻസ് വിളിച്ചത്. എന്നാൽ, പിപിഇ കിറ്റിന്റെ ചാർജ് അടക്കം നാലായിരത്തി അഞ്ഞൂറ് രൂപ തന്നാൽ മാത്രമേ ആശുപത്രിലെത്തിക്കാനാവൂയെന്ന് ഡ്രൈവർ വാശിപിടിച്ചു. വാക്കുതർക്കം നീണ്ടപ്പോൾ ഒന്നര മണിക്കൂറാണ് ഷാജി കടത്തിണ്ണയിൽ കിടന്നത്. ഒടുവിൽ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പിരിവിട്ട് പണം നൽകിയതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.
അതേസമയം കഴിഞ്ഞ ദിവസം ഇതേ രോഗിയെ കൊണ്ടുപോയപ്പോൾ മുഴുവൻ തുക തരാതിരുന്നതുകൊണ്ടാണ്, ഇത്തവണ കടുംപിടുത്തത്തിലേക്ക് പോയതെന്നാണ് ആംബുലൻസ് ഡ്രൈവറുടെ വിശദീകരണം.
Post Your Comments