വയനാട് : വയനാട് വെള്ളമുണ്ടയിൽ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം എത്തിയത്. വീടിന്‍റെ കോളിംഗ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടിൽ ലൈറ്റിട്ടപ്പോൾ പോയതായും വീട്ടുടമയായ സ്ത്രീ പോലീസിൽ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വയനാട് നിരവിൽ പുഴയിലും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിലാണ് ഇവർ എത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരും ഉൾപ്പെട്ട സംഘമാണ് ഇവിടെ എത്തിയത്. ഇവർ വീടുകളിൽനിന്ന് അരിയും മറ്റ് ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങി. അരമണിക്കൂറോളം സംഘം രണ്ടു വീടുകളിലുമായി ചെലവഴിച്ചു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് വന്നതെന്നാണ് സൂചന.
Post Your Comments