കണ്ണൂർ : സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 54-കാരനെയും സംഭവത്തിന് കൂട്ട് നിന്ന പെൺകുട്ടികളുടെ അമ്മയേയും പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്റ്റേഷൻ പരിധിയിലെ 13, 16 വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്.
2016 മുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് 28-നും പീഡനത്തിന് ഇരയായി. കുട്ടികളുടെ അച്ഛനും അമ്മയും കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടികൾ അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് അമ്മയുടെ അമ്മാവനായ പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്.
2016 ഡിസംബറിൽ ചെങ്ങളായിയിൽ വാടക വീട്ടിൽ താമസിക്കവെ അവിടെ ചെന്നും ഇയാൾ 13-കാരിയെ പീഡിപ്പിച്ചിരുന്നതായി മൊഴിയിൽ പറയുന്നു. ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠാപുരം പോലീസിന് കൈമാറിയിട്ടുണ്ട്.പെൺകുട്ടികൾ ഇരുവരും വിദ്യാർഥിനികളാണ്. കൗൺസിലിങ്ങിലാണ് പീഡനത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
Post Your Comments