രാജ്കോട്ട് : കാണാതായ ഗര്‍ഭിണിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുവർക്കുമൊപ്പം പ്രദേശവാസിയായ മറ്റൊരാളുടെ മൃതദേഹവും കണ്ടെടുത്തു. മൂന്നു പേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം.
വനം വകുപ്പിലെ ബീറ്റ് ഓഫീസറായ ഹെതാൽ സോളാങ്കി(30), ഭർത്താവ് കീർത്തി സോളാങ്കി(32) പ്രദേശവാസിയായ നാഗാ അഗഥ്(42) എന്നിവരുടെ മൃതദേഹങ്ങളാണ് ഉൾവനത്തിൽനിന്ന് കണ്ടെടുത്തത്. ഓഗസ്റ്റ് 15-ാം തീയതി മുതലാണ് വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. കീർത്തിയെ ഏറേനേരം മൊബൈലിൽ വിളിച്ചിട്ടും കിട്ടാതയതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വനത്തിന് സമീപം ദമ്പതിമാരുടെ കാർ കണ്ടെത്തി. ഇവിടെനിന്ന് മൂന്ന് കിലോ മീറ്ററോളം അകലെ ഉൾവനത്തിലാണ് പിന്നീട് മൃതദേഹങ്ങൾ കണ്ടത്.
ആദ്യ മൃതദേഹം കണ്ടെത്തി അര കിലോ മീറ്റർ അകലെയായാണ് രണ്ടാമത്തെ മൃതദേഹം കണ്ടത്. ഇവിടെനിന്ന് അര കിലോ മീറ്റർ മാറിയായിരുന്നു മൂന്നാമത്തെ മൃതദേഹം മൂന്ന് പേരുടെയും ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അഴുകിത്തുടങ്ങിയിരുന്ന മൃതദേഹങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. ബർഡ വന്യജീവി സങ്കേതത്തോട് ചേർന്ന് അനധികൃത മദ്യനിർമാണവും മരംമുറിക്കലും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം.
അതേസമയം, ഹെതാലിനൊപ്പം എന്തിനാണ് ഭർത്താവും വനത്തിലേക്ക് പോയതെന്ന ചോദ്യവും ബാക്കിനിൽക്കുന്നുണ്ട്. ബീറ്റ് ഓഫീസറായ യുവതി ഡ്യൂട്ടിയുടെ ഭാഗമായി വനത്തിൽ പോയതാണെങ്കിലും ഭർത്താവിനെ കൂടെ കൂട്ടാനിടയായ കാരണം അറിയില്ലെന്നായിരുന്നു പോലീസിന്റെയും വനം വകുപ്പിന്റെയും പ്രതികരണം. ഇവരോടൊപ്പം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രദേശവാസിയെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണ്.
Post Your Comments