കൊച്ചി: മദ്യപിക്കാന്‍ പണമില്ലാതെ വന്നപ്പോൾ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ ചേർന്ന് വാങ്ങി നൽകിയ സ്മാര്‍ട്ട് ഫോൺ വിറ്റ് കാശാക്കി പിതാവ്. സംഭവത്തിൽ അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ വിറ്റ് കിട്ടിയ കാശുമായി അങ്കമാലിയിലെ കള്ളുഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടെയായിരുന്നു സാബുവിനെ പിടികൂടിയത്.
സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ സൗകര്യമില്ലാതിരുന്ന ഇയാളുടെ കുട്ടികള്‍ക്ക് നാട്ടുകാര്‍ ചേര്‍ന്നാണ് മൊബൈല്‍ വാങ്ങി നല്‍കിയത്. കുട്ടികള്‍ക്ക് പഠിക്കാനുപയോഗിക്കുന്ന ഫോണ്‍ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കി. തുടർന്ന് ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച ശേഷം മൊബൈലുമായി കടന്നു കളയുകയായിരുന്നു. ഇതിനിടെ പിതാവില്‍ നിന്ന് രക്ഷപ്പെടാന്‍ അടുത്ത വീട്ടില്‍ അഭയം തേടിയെത്തിയ ഇളയകുട്ടി പറഞ്ഞതനുസരിച്ച് പ്രദേശവാസികള്‍ സാബുവിന്‍റെ വീട്ടിലെത്തി. ഇവരാണ് മര്‍ദ്ദനമേറ്റ് അവശരായ ഇയാളുടെ ഭാര്യയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്.
മദ്യത്തിന് അടിമയായിരുന്നു സാബു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കള്ളുകുടിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ വന്നപ്പോഴാണ് മക്കളുടെ പഠനം പോലും നോക്കാതെ ഫോണ്‍ തട്ടിയെടുത്തത്.
Post Your Comments