Latest NewsNewsIndia

“വിദ്വേഷപരമായ വാർത്തകൾ ഫേസ്ബുക്ക് പ്രചരിപ്പിക്കുന്നത് എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്”; ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന് കോൺഗ്രസ്സിന്റെ കത്ത്

ന്യൂഡൽഹി : വിദ്വേഷപ്രചാരണങ്ങളും വ്യാജവാർത്തകളും അനുവദിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗിന് കോൺഗ്രസ് അയച്ച കത്ത് രാഹുൽഗാന്ധി തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അമേരിക്കൻ പ്രസിദ്ധീകരണമായ വാൾസ്ട്രീറ്റ് ജേണലിലെ ഒരു ലേഖനത്തെ ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിലാണ് ഫേസ്ബുക്ക് മേധാവിക്ക് കോൺഗ്രസ് കത്തയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവുകളുടെ പെരുമാറ്റത്തെ കുറിച്ച് സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

ഫേസ്ബുക്കിന്റെ സീനിയർ എക്‌സിക്യൂട്ടീവ് അങ്കി ദാസിന്റെ പേരും കത്തിൽ പരാമർശിച്ചിട്ടുണ്ട്. മാർക്ക് സക്കർബർഗ് പ്രശ്‌നം ചൂണ്ടികാണിച്ചിട്ടും വലതുപക്ഷ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് നേരെ കണ്ണടച്ചതിൽ അങ്കി ദാസിന് പ്രധാന പങ്കുണ്ടെന്നാണ് വാൾസ്ട്രീറ്റ് ജേണലിൽ വന്ന ലേഖനത്തിൽ പറയുന്നത്.

“പക്ഷപാതം, വ്യാജവാർത്തകൾ, വിദ്വേഷ ഭാഷണം എന്നിവയിലൂടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ജനാധിപത്യത്തെ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല. വാൾസ്ട്രീറ്റ് ജേണൽ തുറന്നുകാട്ടിയതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഫേസ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്, ”കത്ത് പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിൽ രാഹുൽ ഗാന്ധി കുറിച്ചു.

 

ഓഗസ്റ്റ് 14 ലെ ലേഖനത്തിൽ പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തലുകൾ “അത്ഭുതകരമായ വെളിപ്പെടുത്തലല്ല” എന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് കെ സി വേണുഗോപാൽ ഒപ്പിട്ട കത്തിൽ പരാമർശിച്ചു.

“കോൺഗ്രസിന്റെ സ്ഥാപക നേതാക്കൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച്‌ നേടിയെടുത്ത അവകാശങ്ങളും മൂല്യങ്ങളും തകർക്കുന്നതിൽ സന്നദ്ധനായ പങ്കാളിയായിരിക്കാം ഫെയ്‌സ്ബുക്ക്” എന്നിരുന്നാലും “ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല,” എന്ന് കത്തിൽ പറയുന്നു.

2014 മുതൽ തങ്ങളുടെ പ്ളാറ്റ്ഫോമിൽ അനുവദിച്ച വിദ്വേഷപ്രസംഗങ്ങൾ ഫേസ്ബുക്ക് പ്രസിദ്ധീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കണം – കോൺഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button