പത്തനാപുരം : ഈർക്കിലുകള്‍ കൊണ്ട് മനോഹരമായ ശിൽപങ്ങൾ ഒരുക്കുകയാണ് കമുകുംചേരി സ്വദേശിയായ സുരേഷ്. ഇപ്പോഴിതാ തന്‍റെ ആരാധനാമൂർത്തിയായ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ഭഗവാന്‍റെ മനോഹരമായ ക്ഷേത്ര സമുച്ചയം ഈർക്കിൽ പുനാരാവിഷ്ക്കരിച്ചിരിക്കുകയാണ് ഈ യുവാവ്. ഏകദേശം ഒരു മാസം കൊണ്ട് പതിനായിരത്തോളം ഈർക്കിലുകൾ കൊണ്ടാണ് സുരേഷ് തന്‍റെ സ്വപ്ന സൃഷ്ടി യാഥാർഥ്യമാക്കിയത്.
പുതിയ ചൂലുകള്‍ വാങ്ങി അതിലെ ഈർക്കിലുകൾ കഴുകിയെടുത്തും വീടിന്റെ പരിസരത്ത് നിന്നുള്ള ഓലകൾ ചീകി എടുത്തുമാണ് സുരേഷ് ശില്പത്തിന് വേണ്ടിയുള്ള ഈർക്കിലുകൾ ശേഖരിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലം ഒഴികെയുള്ള എല്ലാ ഭാഗങ്ങളും സുരേഷിന്റെ സൃഷ്ടിയിൽ ഉണ്ട്.പ്രധാന ദേവാലയവും ഉപ ദേവാലയങ്ങളും ക്ഷേത്രത്തിനു മുന്നിൽ വിളക്കുകളും മണ്ഡപവും എല്ലാം മനോഹരമായി ഒരുക്കിയിട്ടുണ്ട്. കൊവിഡ് കാലം കഴിഞ്ഞ് കമുകുംചേരി ക്ഷേത്രത്തിന് തന്നെ ശിൽപം സമര്‍പ്പിക്കുമെന്നാണ് സുരേഷ് പറയുന്നത്.
കാർഡ് ബോർഡിൽ നിര്‍മ്മിച്ച ഘടനയിലേക്ക് പശ ഉപയോഗിച്ച് ഈർക്കിലുകൾ ഒട്ടിക്കുകയായിരുന്നു. തുച്ഛമായ തുക ഉപയോഗിച്ചാണ് അതിമനോഹരമായ ശില്പം യാഥാർഥ്യമാക്കിയത്. ഭാര്യ ആതിരയും ഏകമകൻ ആലോബും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. തടി മുറിപ്പ് തൊഴിലാളിയായ സുരേഷിന് ലോക്ക്ഡൗൺ കാലത്ത് ഉരുത്തിരിഞ്ഞ ആശയമാണ് ഈർക്കില്‍ കൊണ്ടുള്ള ക്ഷേത്ര സമുച്ചയം. കൂടുതൽ ശില്പങ്ങൾ ഈർക്കില്‍ കൊണ്ട് നിർമ്മിക്കണം എന്നാണ് ഈ യുവാവിന്റെ ആഗ്രഹം.
Post Your Comments