മൗറീഷ്യസ് : പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിച്ച് ജപ്പാന്റെ എംവി വകാഷിയോ എന്ന എണ്ണക്കപ്പൽ രണ്ടായി പിളർന്നതായി റിപ്പോർട്ടുകൾ. പവിഴപ്പുറ്റുകൾ നിറഞ്ഞ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിലാണ് കപ്പൽ രണ്ടായി പിളർന്ന് എണ്ണ കടലിൽ കലരുന്നത്. അപൂർവമായ പവിഴപ്പുറ്റുകളും ടൂറിസവും ആശ്രയിച്ച് ജീവിക്കുന്ന ഒരു ജനതയെയും ലോകത്തിലെ തന്നെ മനോഹരമായ ഒരു ദ്വപിനെയും അപകടത്തിലാക്കിയിരിക്കുകയാണ് ഈ കപ്പൽ ദുരന്തം.
എംവി വകാഷിയോ കപ്പലിൽ ഏതാണ്ട് 4,000 ടൺ ഇന്ധനം ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് കപ്പൽ അപകടത്തിൽപ്പെടുന്നത്. ഇതിന് പിന്നാലെ കപ്പലിൽ നിന്നും എണ്ണമാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഭൂരിഭാഗം എണ്ണയും കപ്പലിൽ നിന്നും മാറ്റിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ കപ്പൽ ഇപ്പോൾ രണ്ടായി പിളർന്നിരിക്കുകയാണ്.
ലോക പ്രശസ്ത പവിഴപ്പുറ്റുകളുടെ ആവാസ കേന്ദ്രമാണ് മൗറീഷ്യസ്. എം.വി വകാഷിയോ അപൂർവ വന്യജീവികളുടെ സങ്കേതമായ പോയിന്റ് ഡി എസ്നിയയിലാണ് കരക്കടിഞ്ഞത്.തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള റാംസർ കൺവെൻഷൻ അന്താരാഷ്ട്ര പ്രാധാന്യമുള്ള സ്ഥലമായി നിശ്ചയിച്ചിട്ടുള്ള തണ്ണീർത്തടങ്ങളും ഈ പ്രദേശത്തുണ്ട്.
എം.വി വകാഷിയോവിൽ നിന്നുള്ള ഇന്ധന ചോർച്ച താരതമ്യേന കുറവാണെങ്കിലും ചോർച്ച നടന്നത്ത് മൗറീഷ്യസിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾക്കിടയിലായതുകൊണ്ട് ഇത് ഏറെ നാൾ നീണ്ടു നിൽക്കുന്ന പാരിസ്ഥിതിക ആഘാതത്തിന് വഴിവെക്കും.
മൗറീഷ്യസ് ജൈവവൈവിധ്യത്തിന് പ്രശസ്തമായ സ്ഥലമാണ്. കടൽക്കാറ്റും ജലപ്രവാഹവും ചോർന്ന ഇന്ധനത്തെ സമുദ്രത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും എത്തിക്കുന്നത് സ്ഥിതി വഷളാക്കുന്നു. അതേസമയം ഇന്ധന ചോർച്ചയ്ക്ക് ഉടമയിൽ നിന്നും നഷ്ടപരിഹാരം തേടുമെന്ന് മൗറീഷ്യസ് അറിയിച്ചു.
Post Your Comments