ഗൂഗിളിന്റെ മറ്റൊരു പ്രധാനപ്പെട്ട സേവനം കൂടി അപ്രത്യക്ഷമാവാനൊരുങ്ങുന്നതായി റിപ്പോർട്ട്. വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണത്രെ ഗൂഗിള്‍. ഈ വര്‍ഷം മേയില്‍ ചുമതലയേറ്റ ജിസ്യൂട്ട് മേധാവി ജാവിയര്‍ സോള്‌ടേറോയുടേതാണ് ഈ തീരുമാനം. രണ്ട് വീഡിയോ കോളിങ് ആപ്പുകള്‍ യുക്തിക്ക് നിരക്കുന്നതല്ല എന്ന് ജാവിയര്‍ തന്റെ ജീവനക്കാരോട് പറഞ്ഞതായി ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ആപ്പുകളേയും ലയിപ്പിക്കാനുള്ള നടപടിക്ക് ‘ഡ്യുവറ്റ്’എന്ന് കോഡ് നാമം നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂമിന് ശക്തനായ ഒരു എതിരാളിയാണ് ഗൂഗിള്‍ മീറ്റ്. വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും വലിയൊരു വിഭാഗം സ്ഥാപനങ്ങളും ജിസ്യൂട്ട് ഉപയോക്താക്കളാണെന്നതും സൂമിന് വെല്ലുവിളിയാവുന്നുണ്ട്.
അതേസമയം ലോക്ക്ഡൗണ്‍ കാലത്ത് ഗൂഗിള്‍ ഡ്യുവോയുടെ ഉപയോഗത്തിലും വലിയ വര്‍ധനവാണുള്ളത്. മേയില്‍ ആകെ 300 കോടി മിനിറ്റ് നേരം ഡ്യുവോ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിദിനം 30 ലക്ഷം മിനിറ്റുകള്‍ക്കടുത്ത് ഉപയോഗമുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള നീക്കം ഡ്യുവോയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കിടയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. നേരത്തെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ മാത്രമാണ് ഡ്യുവോ വഴി വീഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നത് എങ്കില്‍ അടുത്തിടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് ആളുകളെ വിളിക്കാനുള്ള സൗകര്യം ഡ്യുവോ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഏപ്രിലിലെ അപ്‌ഡേറ്റിലൂടെ ഡ്യുവോ വീഡിയോ ഗുണമേന്മ മെച്ചപ്പെടുത്തുകയും ഒരേ സമയം 32 പേരോട് വരെ സംസാരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ലിങ്ക് വഴി ആളുകളെ വീഡിയോ ചാറ്റിലേക്ക് ക്ഷണിക്കാനും ഡ്യുവോയില്‍ സാധിച്ചിരുന്നു.
Post Your Comments