ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് മറ്റ് ഇന്ത്യൻ പ്രമുഖർ എന്നിവര്‍ക്ക് പറക്കാനുള്ള ‘എയർ ഇന്ത്യ വൺ’ ആയി ഉപയോഗിക്കാനുള്ള രണ്ട് വൈഡ്-ബോഡി ബോയിംഗ് 777-300 വിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. ഈ വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം യു.എസിലേക്ക് തിരിച്ചു.
സ്പെഷ്യൽ എക്സ്ട്രാ സെക്ഷൻ ഫ്ലൈറ്റ് (എസ്.ഇ.എസ്.എഫ്) അല്ലെങ്കിൽ വി.വി.ഐ.പി വിമാനമായ ‘എയർ ഇന്ത്യ വൺ’ സ്വീകരിക്കുന്നതിനായി കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം അമേരിക്കയിലേക്ക് പോയിട്ടുണ്ടെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു. കസ്റ്റം നിർമിത ബോയിംഗ് 777 വിമാനം സെപ്റ്റംബറിൽ ബോയിംഗിൽ നിന്ന് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
വി.വി.ഐ.പി യാത്രയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ രണ്ട് വിമാനങ്ങളുടെയും ഡെലിവറി ജൂലൈ മാസത്തോടെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഡെലിവറി ഏതാനും ആഴ്ചകള്‍ വൈകുകയയിരുന്നു.
വി.വി.ഐ.പികളുടെ യാത്രയ്ക്കിടെ രണ്ട് ബി 777 വിമാനങ്ങളും പറത്തുന്നത് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ആയിരിക്കില്ല. പകരം ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരാകും വിമാനം പറത്തുക.
നിലവിൽ, പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ‘എയർ ഇന്ത്യ വൺ’ എന്ന കോള്‍ സൈന്‍ ഇവയ്ക്ക് നല്കിയിരിക്കുന്നു.
എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ ബി 747 വിമാനങ്ങൾ വിശിഷ്ടാതിഥികൾക്കായി പറത്തുന്നത്. എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിനാണ് ഇവയുടെ പരിപാലന ചുമതല. ഈ ബി 747 വിമാനങ്ങൾക്ക് വി.വി.ഐ.പികള്‍ക്കായി പറക്കാത്തപ്പോൾ, അവ എയര്‍ ഇന്ത്യ വാണിജ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
എന്നാല്‍, പുതിയതായി വരുന്ന ബി-777 വിമാനങ്ങൾ വിശിഷ്ടാതിഥികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിക്കും. വ്യോമസേനയ്ക്കാകും ഈ വിമാനങ്ങളുടെ പരിപാലന ചുമതല.
വി.വി.ഐ.പി യാത്രയ്ക്കായി പരിഷ്കരിക്കുന്നതിനായി ബോയിങ്ങിലേക്ക് അയക്കുന്നതിന് മുന്‍പ് മുമ്പ് ഈ രണ്ട് ബോയിംഗ് 777 വിമാനങ്ങളും 2018 ൽ കുറച്ച് മാസത്തേക്ക് എയർ ഇന്ത്യയുടെ വിമാന വ്യൂഹത്തിന്റെ ഭാഗമായിരുന്നു.
ബി 777 വിമാനങ്ങളിൽ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷറുകൾ (എൽആർസിഎം), സ്വയം പരിരക്ഷണ സ്യൂട്ടുകൾ (എസ്പിഎസ്) എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരിയിൽ 190 മില്യൺ ഡോളർ ചെലവിൽ രണ്ട് പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് വിൽക്കാൻ യു.എസ് സമ്മതിച്ചിരുന്നു.
Post Your Comments