COVID 19KeralaLatest NewsNews

സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട് • വിദേശയാത്രകളിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ സ്വർണ്ണക്കള്ളക്കടത്തുകാരി സ്വപ്‌നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്‌ന ഏതെല്ലാം കാര്യങ്ങളിൽ വിദേശരാജ്യങ്ങളിൽ ഇടനിലക്കാരിയായിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്‌ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശയാത്ര നടത്തിയെന്നും അതിനുള്ള എന്ത് അധികാരമാണ് അവർക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് സ്വപ്‌നയ്ക്ക് കൈക്കൂലിയായി ലഭിച്ചത്. കരാറുകാരൻ തന്നെ കൈക്കൂലി നൽകിയതായി സമ്മതിക്കുന്നു. മുഖ്യമന്ത്രി ചെയർമാനായ സർക്കാരിന്റെ പ്രോജക്റ്റിൽ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തുകാർക്ക് കൈക്കൂലി ലഭിക്കുന്നത്?

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഗൾഫിൽ പോയതെന്നാണ് സ്വപ്ന നൽകിയ മൊഴി. അങ്ങനെയാണെങ്കിൽ കൈക്കൂലി കിട്ടയതും കമ്മീഷൻ കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്?

ചീഫ് പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസും എൻഐഎയും നോട്ടീസ് അയച്ചതോടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പങ്കാളിത്തം കൂടുതൽ തെളിഞ്ഞുവരികയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 2018ൽ ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ പ്രോട്ടോകോൾ ഓഫീസറെ ചീഫ് ജോ.പ്രോട്ടോകോൾ ഓഫീസറാക്കി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഷൈൻ ഹഖ് എന്ന സിപിഎമ്മിന്റെ സ്വന്തക്കാരനായ ഇയാളാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെച്ചത്. പുതിയ ചീഫ് പ്രോട്ടോകോൾ ഓഫീസർ സുനിൽകുമാർ അല്ല ഹഖ് ആണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വാതന്ത്രദിനത്തിൽ ദേശീയപതാക ഉയർത്താനുള്ള അധികാരം കെ.ടി ജലീലിനില്ല. വാട്സാപ്പ് നയതന്ത്രം നടത്തിയ ജലീൽ രാജ്യത്തിൻെറ നിയമം ലംഘിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാനുള്ള അധികാരം രാജ്യത്ത് ഇല്ലെന്നിരിക്കെ ജലീലിൻെറത് നഗ്നമായ ചട്ടലംഘനമാണെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button