റിയാദ്: പാകിസ്ഥാനുള്ള വായ്പയും എണ്ണയും നിർത്തലാക്കി സൗദി അറേബ്യ.കശ്മീർ വിഷയത്തിൽ സൗദി നേതൃത്വം നൽകുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപറേഷൻ (ഒഐസി) ഇന്ത്യയുടെ മേൽ ആവശ്യത്തിന് സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഇന്ത്യയുടെ കീഴിലുള്ള പ്രദേശമായ കശ്മീരിന് പിന്തുണ അറിയിക്കാൻ പാകിസ്ഥാൻ ഒഐസിയെ നിർബന്ധിക്കുകയും ഇതിന് പിന്നാലെ ഒരു ബില്യൺ ഡോളറിന്റെ വായ്പ അടയ്ക്കാൻ സൗദി പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
2018 നവംബറിൽ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതിൽ തന്നെ മൂന്ന് ബില്യൺ ഡോളർ വായ്പയും 3.2 ബില്യൺ ഡോളറിന്റെ എണ്ണയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. സാമ്പത്തിക, വാണിജ്യ, സൈനിക മേഖലകളിൽ ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇരു രാജ്യങ്ങളും പുലർത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് സഹായവുമായി എത്തിയത് സൗദി അറേബ്യ ആയിരുന്നു. എന്നാൽ ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങുകയായിരുന്നു.
Post Your Comments