തിരുവനന്തപുരം • മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും മൊത്ത വിൽപനകേന്ദ്രങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ മീൻ വിൽപനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് മാത്രമേ മീൻ വിൽപനയ്ക്ക് പോകാൻ അനുമതി നൽകൂ.
കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ പൊലീസ് മേധാവിമാർ തയ്യാറാക്കിയ പ്രതിരോധമാർഗങ്ങൾ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കും.
ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ ബിഹേവിയറൽ ട്രെയിനിങ് നൽകും. കോവിഡിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉയർന്ന ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതകളുടെ സഹായം കൂടി ഇത്തരം ലഭ്യമാക്കുന്നുണ്ട്.
കോൺടാക്ട് ട്രെയ്‌സിങ്ങിനായി പൊലീസ് നിരവധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് കോവിഡ് രോഗികളുടെ ഫോൺ വിളികൾ സംബന്ധിച്ച കോൾ ഡീറ്റെയിൽസ് റെക്കോർഡ് ശേഖരിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. ലോ എൻഫോഴ്‌സ്‌മെൻറ് ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താൻ അനുമതിയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിലും സിഡിആർ ശേഖരിച്ച് രോഗികളുടെ വിവരങ്ങൾ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാർഗം ഉപയോഗിക്കുന്നുണ്ട്. കോൺടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തിൽ കഴമ്പില്ല.
ഹൗസ് സർജൻസി കഴിഞ്ഞുള്ള ഡോക്ടർമാരെ കോവിഡ് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവർക്ക് 42,000 രൂപ വെച്ച് പ്രതിമാസ വേതനം അനുവദിക്കുന്നതിന് 13.38 കോടി രൂപ ധനകാര്യ വകുപ്പ് അടിയന്തരമായി അനുവദിച്ചു.
പെട്ടിമുടിയിൽ സേവനമനുഷ്ഠിക്കുന്ന റെസ്‌ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന ശക്തിപ്പെടുത്തി. സംശയമുള്ള മാധ്യമ പ്രവർത്തകർക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments