മനോരമാ ന്യൂസിലെ നിഷാ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസിലെ കെജി കമലേഷിനുമെതിരായ സൈബര്‍ ആക്രമണവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളെ ചൊല്ലി ചാനലുകള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും വ്യക്തിഹത്യയും പ്രൈം ടൈം ചര്‍ച്ചയാക്കി ന്യൂസ് ചാനലുകള്‍.
മനോരമാ ന്യൂസ് തുടര്‍ച്ചയായ രണ്ടാം ദിവസവും കൗണ്ടര്‍ പോയിന്റില്‍ ചര്‍ച്ച ചെയ്യുന്നത് വ്യക്തിഹത്യയും മാധ്യമസ്വാതന്ത്ര്യവുമാണ്. വ്യക്തിഹത്യയും വിമര്‍ശനവും വേര്‍തിരിക്കണ്ടേ എന്ന വിഷയത്തിലാണ് ഷാനി പ്രഭാകരന്‍ നയിക്കുന്ന ചര്‍ച്ച. സിപിഐഎം നേതാവ് എംബി രാജേഷും, എന്‍ കെ പ്രേമചന്ദ്രനുമാണ് അതിഥികള്‍. സിപിഎമ്മിന്റെ മാധ്യമ സമീപനമെന്ത് എന്നായിരുന്നു കഴിഞ്ഞ ദിവസം മനോരമാ ന്യൂസിലെ ചര്‍ച്ച. ന്യൂസ് 18 കേരളം ‘മുഖ്യമന്ത്രി ഉത്തരം തരുന്നില്ലേ എന്ന ചോദ്യത്തിനൊപ്പമാണ് ഇ.സനീഷ് നടത്തുന്ന പ്രൈം ഡിബേറ്റ്.
24 വാര്‍ത്താ ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന എന്‍കൗണ്ടര്‍ ചര്‍ച്ച ചെയ്യുന്നത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണ രേഖയോ എന്ന വിഷയമാണ്.കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസ് വാര്‍ത്താ സംവാദത്തില്‍ വ്യാജവാര്‍ത്താ പരമ്പരകള്‍ക്കൊപ്പം മാധ്യമവേട്ടക്കിരയായ പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ അതിഥിയായുണ്ട്. സിപിഐഎം നേതൃത്വം മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടുമുള്ള സൈബര്‍ ആക്രമണങ്ങളെ തള്ളിപ്പറയുന്നില്ലെന്ന വാദത്തിനുള്ള മറുപടിയുമാകും പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി ന്യൂസിലെ ചര്‍ച്ച. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, ദേശാഭിമാനി എഡിറ്റര്‍ പി രാജീവ് എന്നിവരും പാനലിലുണ്ട്.
മീഡിയാ വണ്‍ ചാനലില്‍ യുദ്ധം മാധ്യമങ്ങളോടെ? എന്ന തലക്കെട്ടിലാണ് ചര്‍ച്ച. അഭിലാഷ് മോഹനാണ് അവതരണം. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉള്‍പ്പെട്ട കുട്ടി മരിച്ചത് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതും, കോക്പിറ്റിലെ ദൃശ്യമെന്ന പേരില്‍ യൂട്യൂബ് വീഡിയോ വാര്‍ത്തയാക്കിയും ഉള്‍പ്പെടെ മനോരമാ ചാനലിന് സംഭവിച്ച തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്കില്‍ സിപിഐഎം അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകള്‍ കാമ്പയിന്‍ സജീവമാക്കിയിട്ടുണ്ട്. ചാരക്കേസില്‍ മലയാള മനോരമ നമ്പി നാരായണനെതിരെ നല്‍കിയ വാര്‍ത്തകളും ഇതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദേശാഭിമാനി അന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലും പ്രഭാവമര്‍മ്മയുടെ ബൈ ലൈനില്‍ വന്ന ചാരക്കേസിനെ പിന്തുണച്ചുള്ള വാര്‍ത്തകളും ഇതിന് മറുപടിയായും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ മാധ്യമവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ചാനലുകള്‍ നല്‍കിയ വ്യാജവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി സിപിഐഎം ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎം അനുകൂലികളുടെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കിയിരുന്നു. ഒരു കൂട്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വരുമ്പോള്‍ നല്ല കാര്യമെന്ന് കൈയടിക്കുകയും മറ്റൊരു കൂട്ടര്‍ക്കെതിരെ അധിക്ഷേപം വരുമ്പോള്‍ അതിനെ മാത്രം ചോദ്യം ചെയ്യുക എന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളിലുള്ളവരും മറ്റ് മാധ്യമങ്ങളിലുള്ളവരും ഒഴിഞ്ഞു നില്‍ക്കണമെന്നും മുഖ്യമന്ത്രി.
Post Your Comments