Latest NewsKeralaNews

പരിസ്ഥിതി ആഘാത വിജ്ഞാപനം: ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം • പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അതിലെ പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ഫലപ്രദമായ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ. സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണം. ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഭേദഗതി വരുത്തണം. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി 1ൽ അഞ്ച് ഹെക്ടറിൽ കൂടുതൽ നൂറ് ഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതിനൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. അതായത്, അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനും ഇടയിൽ ഖനന പ്രവർനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാണ്. ഇതിൽ അഞ്ച് ഹെക്ടർ എന്നത് രണ്ട് ഹെക്ടർ എന്നാക്കി ഭോദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതായത്, രണ്ട് ഹെക്ടറിനു മുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായി വരും. രണ്ട് ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങൾക്ക് നിലവിലുള്ള ആനുകൂല്യം തുടരും.

പദ്ധതികളുടെ അനുമതിക്കു മുൻപ് പബ്ലിക്ക് ഹിയറിംഗിനായി നിലവിൽ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇത് 30 ദിവസം തന്നെയായി നിലനിർത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല. ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിനു മുൻപുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിർണ്ണയ സമിതികൾ. ഇതിനുപുറമേ സംസ്ഥാനതലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാതല സമിതികൾക്ക് നിർണ്ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. ജില്ലാതല സമിതികളെ നിലനിർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button