തിരുവല്ല, വെള്ളിയാഴ്ച അര്‍ധരാത്രി എന്തോ ശബ്ദം കേട്ടുണര്‍ന്ന് നോക്കുമ്പോഴാണ് വെള്ളം ക്രമാതീതമായി ഉയര്‍ന്ന് വീടിന്റെ മുറ്റമടക്കം മുങ്ങിയത് രഞ്ചി ശ്രദ്ധിക്കുന്നത്. ഒട്ടും അമാന്തിക്കാതെ 25 ദിവസം മാത്രം പ്രായമായ ആണ്‍ കുഞ്ഞിനെയും എടുത്ത് കഴുത്തറ്റം വെള്ളത്തില്‍ നീന്തി കരപറ്റിയപ്പോള്‍ കൈയ്യിലൊന്നും കരുതിയിരുന്നില്ല. ഭര്‍ത്താവ് രാജീവിനൊപ്പം കരപറ്റി കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമാക്കുക. അതു മാത്രമായിരുന്നു ലക്ഷ്യം. മൂക്കാല്‍ മണിക്കൂറോളം വെള്ളത്തില്‍ നീന്തിയും പിന്നെ വള്ളത്തിലും ലോറിയിലുമായി മണിപ്പുഴ ഗാത്രി ഓഡിറ്റോറിയത്തിലെ ക്യാമ്പിലെത്തിയപ്പോഴാണ് ഇരുവര്‍ക്കും ശ്വാസം നേരെ വീണത്.
കല്ലുങ്കല്‍ മലയിത്ര കോമങ്കരി വീട്ടില്‍ കെ.എസ്. രഞ്ചീവ്, സി.ജി. രഞ്ചിമോള്‍ ദമ്പതിമാര്‍ക്ക് ഉള്‍ക്കിടിലത്തോടെ മാത്രമേ രക്ഷപെട്ട കാര്യം ഓര്‍മ്മിക്കാനാവുന്നുള്ളൂ. കൈക്കുഞ്ഞുമായി വന്ന അവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനില്‍കുമാര്‍ ക്യാമ്പില്‍ പ്രത്യേകം മുറി തന്നെ സജ്ജീകരിച്ചു നല്‍കി. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ ഇരുപത്തിയെട്ടു കെട്ടു നടത്തുന്ന കാര്യത്തെ പറ്റി ഇവര്‍ ചിന്തിക്കുന്നത്. വെള്ളപ്പൊക്കമല്ലായിരുന്നെങ്കില്‍ ആഘോഷപൂര്‍വം ചടങ്ങ് നടത്താനായിരുന്നു തീരുമാനം. ലളിതമായ ചടങ്ങുകളോടെ ക്യാമ്പില്‍ തന്നെ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. പരിമിതമായ സൗകര്യങ്ങളില്‍ ചടങ്ങ് നടത്തി കുഞ്ഞുവാവക്ക് ആര്യന്‍ എന്ന് പേരുമിട്ടു.
ചടങ്ങ് നടത്തിയത് ക്യാമ്പ് നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അടുത്തു തന്നെ പച്ചക്കറി നടത്തുന്ന യുവമോര്‍ച്ച തിരുവല്ല താലൂക്ക് സെക്രട്ടറിയും സേവാഭാരതി പ്രവര്‍ത്തകനുമായി രഞ്ജിത്ത് കൃഷ്ണന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ പ്രവര്‍ത്തകരുമായി ചേര്‍ന്ന് കുഞ്ഞിന്റെ ഇരുപത്തിയെട്ടു കെട്ടും പേരിടീല്‍ ചടങ്ങും ഗംഭീരമാക്കാന്‍ തീരുമാനിച്ചു. ക്യാമ്പിന്റെ ചുമതലയുള്ളയാളുമായി സംസാരിച്ച് പായസം വയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങി നല്‍കി. ഒപ്പം കുഞ്ഞുടുപ്പുകളും സോപ്പും പൗഡറും സമ്മാനങ്ങളും നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാര്‍, ആര്‍.എസ്.എസ്. മണിപ്പുഴ ശാഖാ സേവാപ്രമുഖ് വി. വിഘ്‌നേഷ്, യുവമോര്‍ച്ച താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കൃഷ്ണന്‍, മനു കക്കുറിഞ്ഞിയില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സമ്മാനങ്ങള്‍ കൈമാറിയത്. ഉച്ചയ്ക്ക് ക്യാമ്പില്‍ എല്ലാവരും പായസവും കൂട്ടിയാണ് ഊണുകഴിച്ചത്.
സേവാഭാരതി പ്രവര്‍ത്തകര്‍ ചെയ്ത നന്മയെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് പറയുമ്പോള്‍ രഞ്ചിയുടെ കണ്ണുകള്‍ നിറഞ്ഞ് തൊണ്ടയിടറുന്നുണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണ്ണമായും മുങ്ങി. തിരിച്ചു ചെല്ലുമ്പോള്‍ കാത്തിരിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രസവം ശസ്ത്രക്രിയിലൂടെ ആയിരുന്നതിനാല്‍ അതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും രഞ്ചിമോള്‍ക്കുണ്ട്. കുഞ്ഞിനെയും കൊണ്ട് സുരക്ഷിത സ്ഥാനത്തെത്തിയതിനാലും ചടങ്ങ് നന്നായി നടത്താന്‍ സാധിച്ചതുകൊണ്ടും ഏറെ സന്തോഷത്തിലാണ് ഇവര്‍. ക്യാമ്പില്‍ ഇവരുടെ തന്നെ ബന്ധുവും കല്ലുങ്കല്‍ പുത്തന്‍വീട്ടില്‍ രാഹുല്‍ രഘുവിന്റെയും വി. വിജീഷയുടെയും മകന്‍ നാലുമാസം പ്രായമായ ആരുഷും ഉണ്ട്.
Post Your Comments