
തൃശൂര്‍: പൊലീസ് നോക്കിനിൽക്കെ വില്ലേജ് ഓഫീസർ ആത്മഹത്യാക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസും ബിജെപിയും. തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽവെച്ചാണ് വില്ലേജ് ഓഫിസർ സിമി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ റവന്യൂ മന്ത്രി ഇടപെടണമെന്ന് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. പ്രളയകാല തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിന്‍റെ വൈരാഗ്യം സിപിഎം പ്രവർത്തകർ തീർത്തതാണെന്നാണ് ബിജെപിയുടെ ആരോപണം.
ലൈഫ് പദ്ധതി അപേക്ഷകർക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം. വില്ലേജ് ഓഫീസർ സിനി മേശയിൽ നിന്ന് ബ്ലേഡ് എടുത്ത് കൈത്തണ്ടയിൽ മുറിവ് ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്.
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു. പ്രളയക്കിറ്റ് തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിനാലാണ് വില്ലേജ് ഓഫീസറെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആരോപിച്ചത്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട സെർവർ തകരാറ് ഒരു വില്ലേജ് ഓഫീസർക്ക് മേൽ മാത്രം എങ്ങനെ കെട്ടി വയ്ക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ആരോപണങ്ങളെ സിപിഎം നിഷേധിച്ചു. യാതൊരുപ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചതു എന്നാണ് പാർട്ടി നിലപാട്. സംഭവത്തിൽ വില്ലേജ് ഓഫീസറുടേയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് ഒല്ലൂർ പൊലീസ് അറിയിച്ചു.
Post Your Comments