മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവിടെ തൊഴിലാളികളുടെ ജീവിതം ദുസഹമാണ്. രാത്രി നടന്ന അപകടം പിറ്റേന്ന് രാവിലെയാണ് പുറംലോകം അറിയുന്നത്. വാർത്താവിനിമയ സംവിധാനത്തിൻ്റെ അപര്യാപ്തത ഇല്ലായിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു. വൈദ്യുതി മന്ത്രിയുടെ നാടായിട്ട് പോലും രാജമലയിൽ നാലു ദിവസമായി വൈദ്യുതി ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമേഖലയിൽ ഏറെ മുന്നിലായ കേരളത്തിലെ മൂന്നാർ പോലെ രാജ്യത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രത്തിൽ അപകടം നടന്നാൽ 100 കിലോമീറ്റർ അപ്പുറത്തേ നല്ല ആശുപത്രി ഉള്ളൂവെന്നത് നിർഭാഗ്യകരമാണ്. കഴിഞ്ഞവർഷം ദുരന്തമുണ്ടായ പുത്തുമലയിലും കവളപ്പാറയിലും പുനരധിവാസം ഇതുവരെ സാധ്യമായിട്ടില്ല. കേന്ദ്രം ഉൾപ്പെടെ നൽകുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചിലവഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി രാജമലയിലുമെത്തുമെന്ന് കരുതി. കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലുള്ള സഹായധനം പ്രഖ്യാപിച്ചത് ശരിയല്ല. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദുരന്തസ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിച്ചു.
Post Your Comments