ബെംഗളൂരു : നിധിയുണ്ടെന്ന് വിശ്വസിച്ച് പുരാതന ക്ഷേത്രം കുഴിച്ച യുവാവ് കരിങ്കല്‍ത്തൂണുവീണ് മരിച്ചു. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യന്‍രാജരത്ന എന്നിവര്‍ക്ക് കരിങ്കല്‍ പാളികള്‍ ഇളകി വീണ് ഗുരുതരമായി പരിക്കേറ്റു. 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് നിധിയുണ്ടെന്ന് വിശ്വസിച്ച് ഒമ്പതംഗസംഘം കുഴിച്ചു തുടങ്ങിയത്. തുടര്‍ന്ന് ക്ഷേത്രത്തിലെ കരിങ്കല്‍ തൂണിന് ഇളക്കം സംഭവിക്കുകയും തൂണ് ഇളകി വീണ് യുവാവ് മരിക്കുകയും ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ഹോസ്‌കോട്ടിനടുത്തുള്ള ഹിന്ദിഗനാല ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് ഇവര്‍ കുഴിച്ചത്.
സരോവര അഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ രാത്രി 11 നും പുലര്‍ച്ചെ മൂന്ന് നും ഇടയിലാണ് സംഭവം നടന്നതെന്ന് നന്ദഗുഡി പോലീസ് പറഞ്ഞു. അപകടം സംഭവിച്ചതോടെ ആംബുലന്‍സ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദഗുടി റവന്യൂ ഉദ്യോഗസ്ഥര്‍ കേസ് ഏറ്റെടുക്കുകയും അപകടത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട അഞ്ച് യുവാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുമുണ്ട്.
പുലര്‍ച്ചെ നാലുമണിയോടെ അക്രമികളില്‍ ഒരാള്‍ ആംബുലന്‍സ് വിളിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ എത്തിയപ്പോഴാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെടുകയും പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയും ചെയ്തത്. സുരേഷ് എന്ന യുവാവ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. രണ്ട് പേര്‍ക്ക് കാലിന് ഒടിവും മൂന്നിലൊന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നന്ദഗുടിയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ലോകനാഥ് എസ് പരാതിയില്‍ പറഞ്ഞു. മരിച്ച സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹോസ്‌കോട്ടിലെ എംവിജെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments