തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടായിരിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന് അറിയിച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന് അറിയിച്ചത്.
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗത്ത് നാളെ ഒരു ന്യൂനമര്‍ദ്ദം രൂപപെടും. ഇതും മഴ ശക്തമാകാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. തമ്പാനൂരില്‍ വെള്ളം കെട്ട് ഉണ്ടായി. എന്നാല്‍ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ല. മലയോര മേഖലകളിലും മഴ തുടരുകയാണ്. ജില്ലയില്‍ പെയ്ത മഴയില്‍ 198 വീടുകള്‍ പൂര്‍ണമായും 37 വീടുകള്‍ ഭാഗീകമായും തര്കന്നതായും ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റി പാര്‍പ്പിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ ആലുവ മേഖലയില്‍ വെള്ളം ഇറങ്ങി. കോട്ടയത്ത് പാലാ നഗരത്തില്‍ സ്ഥിതി നിയന്ത്രണവിധേയമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘവും ജില്ലയില്‍ എത്തി. കോട്ടയം ജില്ലയില്‍ ഇതുവരെ 116 ക്യാമ്പുകളിലായി 2850 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാട്ടിലും ചെങ്ങന്നൂരിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. കുട്ടനാട് രാമങ്കരിയില്‍ എസി കനാലില്‍ വീണ് കാണാതായ സരസമ്മയ്ക്കായി ഫയര്‍ഫോഴ്സും പൊലീസും തെരച്ചില്‍ തുടരുകയാണ്.
അതേസമയം പുലര്‍ച്ചെ മുതല്‍ മഴ മാറി നിന്നത് എറണാകുളത്ത് ആശ്വാസമായി. ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്‍പ്പെടെ മഴ കുറഞ്ഞതോടെ പെരിയാറില്‍ മൂന്നടിയിലേറെ വെള്ളം താഴ്ന്നു. റോഡിലും, വീടുകളില്‍ നിന്നും വെള്ളമിറങ്ങി. ജില്ലയില്‍ 36 ക്യാപുകളിലായി 1116 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2359 അടിയിലെത്തി. മൂലമറ്റം വാഗമണ്‍ റോഡില്‍ എടാട് അന്ത്യംപാറ ഭാഗത്ത് റോഡിലേക്ക് പാറവീണ് ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ നഗരത്തിലെ പെരിങ്ങാവ്, കുണ്ടുവാറ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പും ക്രമാതീതമായി ഉയരാത്തത് ആശ്വാസമായി.
പാലക്കാട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. 115. 5 മി.മീ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലമ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്നിയന്ത്രിത അളവില്‍ ജലം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദേശം നല്കി. ജില്ലയില്‍ നിലവില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 196 പേരാണെയാണ് മാറ്റി പാര്‍പ്പിച്ചത്.
അതേസമയം, കനത്ത മഴയില്‍ കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂര്‍ പയ്യാവൂര്‍ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോടും കോഴിക്കോട് കോടഞ്ചേരി തെയ്യമ്പാറയിലും കാസര്‍കോട് തുമ്പോടിയിലും ഉരുള്‍പൊട്ടി. കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ഓട്ടുവയല്‍ സ്വദേശി ശ്രീകുമാര്‍ ആണ് മരിച്ചത്. കണ്ണൂരില്‍ ഇതുവരെ അഞ്ഞൂറിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. കാസര്‍കോട് തേജസ്വിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
Post Your Comments