ലഖ്നോ: ബി.ജെ.പി നേതാവിനെ കൊലചെയ്ത കേസിലെ പ്രതിയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു. ലഖ്നൗവിലെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലില്‍ 2005 ല്‍ ബിജെപി നേതാവ് കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാകേഷ് പാണ്ഡെയെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) വെടിവച്ചു കൊന്നതായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എസ്ടിഎഫ്) അമിതാഭ് യാഷ് പറഞ്ഞു.
നിരവധി കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായ രാകേഷ് പാണ്ഡെയെ പിടികൂടുന്നവര്‍ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2005 നവംബര്‍ 29നാണ് എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവ് കൃഷ്ണാനന്ദ റായിയും മറ്റ് ആറ് പേരും കൊല്ലപ്പെട്ടത്. മുഹമ്മദാബാദ് നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്നു കൃഷ്ണാനന്ദ. കേസന്വേഷണം പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നു. മാഫിയ തലവന്മാരായിരുന്ന മുക്താര്‍ അന്‍സാരിയുടെയും മുന്ന ബജ്രംഗിയുടെയും അനുയായിയായ പാണ്ഡേ ഷാര്‍പ് ഷൂട്ടര്‍ കൂടിയാണ്.
കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായ് കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്ന് 2013 ല്‍ സുപ്രീം കോടതി കേസ് ഗാസിപ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ മുക്താര്‍ അന്‍സാരി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി. പിന്നീട് ഇതിനെതിരെ 2019ല്‍ അല്‍ക കോടതിയെ സമീപിച്ചിരുന്നു. ദൃക്സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. മറ്റൊരു പ്രതിയായ പ്രേംപ്രകാശ് 2018ല്‍ ജയിലില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Post Your Comments