കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സ്വീകരിച്ച നടപടികളും കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയടക്കം രണ്ട് പേര്‍ മരിച്ചതായാണ് വിവരം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡ് ചെയ്യവെ നിയന്ത്രണം വിട്ട് താഴേക്ക് വീണത്. താഴേക്ക് വീണ വിമാനം റണ്‍വേയില്‍ രണ്ടായി പിളര്‍ന്ന് കിടക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും സംസ്ഥാന ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
170-ലധികം പേരാണ് വിമാനത്തിലുള്ളത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 167 യാത്രക്കാരും നാല് അംഗങ്ങളും എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടു പോകുകയാണ്. 4.45 നു ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് 7:45 ഓടുകൂടി കരിപ്പൂര്‍ എത്തിയത്. അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments