തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിച്ചു. കോവിഡ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ സാംപിൾ അതത് ആശുപത്രികളിലെ ലാബിലോ പുറത്തെ അംഗീകൃത ലാബിലോ പരിശോധിക്കാം. പോസിറ്റീവ് ആണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സ തുടരാം. നേരത്തെ സർക്കാർ ആശുപത്രികളിൽ മാത്രമായിരുന്നു കോവിഡ് ചികിത്സ. അതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു കമ്പനികൾ. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നതോടെ ആ തടസവും മാറുകയായിരുന്നു.
കോവിഡ് ചികിത്സയ്ക്കായുള്ള ആശുപത്രികളിൽ കുറഞ്ഞത് 20 കിടക്കകൾ നീക്കിവയ്ക്കണമെന്നും പ്രത്യേക പ്രവേശന കവാടം വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പിസിആർ പരിശോധനയ്ക്കു 2750 രൂപയും ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും ആന്റിജൻ പരിശോധനയ്ക്ക് 625 രൂപയുമായിരിക്കണം നിരക്ക്. മറ്റു ചികിത്സാച്ചെലവുകൾ സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാം.
Post Your Comments