കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ആണ് കോടതിയിൽ ഇക്കാര്യം ധരിപ്പിച്ചത്. ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫിസിലും സ്വാധീനമുണ്ട്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു.
ഗൂഢാലോചനയിൽ സ്വപ്നയ്ക്ക് മുഖ്യപങ്കുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചുവെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ മുന്നോട്ടുവെച്ചത്. എന്നാൽ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.
Post Your Comments