
അയോദ്ധ്യ ; ഇന്ത്യ ഒരു പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതോടെ ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും ബാബ രാംദേവ് വ്യക്തമാക്കി. രാമക്ഷേത്ര ശിലാന്യാസ ഭൂമി പൂജ ചടങ്ങിന് അയോദ്ധ്യയിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ ഒരു പുതുചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്, ഈ ദിനം നമ്മള്‍ ആഘോഷിക്കണം.. രാമക്ഷേത്ര നിർമ്മാണത്തോടെ രാജ്യത്ത് രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ബാബാ രംദേവ് പറഞ്ഞു.
അയോദ്ധ്യയിൽ പതഞ്ജലിയുടെ നേതൃത്വത്തിൽ ഒരു ഗുരുകുലം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയുർവ്വേദ പഠനവും വേദപഠനവും ലക്ഷ്യമാക്കിയുള്ള ഗുരുകുലമായിരിക്കും അയോദ്ധ്യയിൽ പണിയുക. ഭാരതത്തെ അതിൻറെ സംസ്കൃതിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വളരെക്കുറച്ച് ആളുകൾക്ക് മാത്രമാണ് തറക്കല്ലിടൽ ചടങ്ങിന് ക്ഷണമുള്ളത്.എങ്കിലും ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ഭൂമിപൂജാ ചടങ്ങുകൾ നടക്കുക.
ഒരു ദിവസം മുൻപുതന്നെ ഭൂമി പൂജയിൽ പങ്കെടുക്കാനായി രാംദേവ് അയോദ്ധ്യ യിലെത്തിയിരുന്നു. ചരിത്രപരമായ ദിനം എന്നാണ് ബാബാരാംദേവ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. വരും തലമുറകൾ ഈ ദിവസം അഭിമാനത്തോടെ ഓർക്കുമെന്നും കൂട്ടിച്ചേർത്തു. ‘സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളുടെ കടന്നു കയറ്റത്തിന് അവസാനം കുറിക്കുന്ന ദിനം കൂടിയാണിന്ന്. രാമക്ഷേത്ര നിർമ്മാണം രാജ്യത്ത് ഒരു പുതുസംസ്കാരത്തിന് തുടക്കം കുറിക്കുമെന്നും രാംദേവ് വ്യക്തമാക്കി.
Post Your Comments