Latest NewsKeralaNews

സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ റെഡും ആഞ്ച് ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്, വിവിധ ഇടങ്ങളില്‍ വന്‍ നാശ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വന്‍ നാശ നഷ്ടമാണ് മഴ ഉണ്ടാക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന് കനത്ത വെല്ലുവിളിയാണ് മഴ നല്‍കുന്നത്.

അടുത്ത മൂന്ന് മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി വടക്കന്‍ ജില്ലകളില്‍ പെയ്തത് കനത്ത മഴയാണ്. രാവിലെയോടെയാണ് മഴ അല്‍പം ശമിച്ചത്. നാളെ കോഴിക്കോട് റെഡ് അലര്‍ട്ടാണ്.

അതേസമയം ഇന്ന് രാവിലെ വയനാട് വാളാടില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. കുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ ശക്തമായ കാറ്റടിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബാബുവിന്റേയും മകളുടേയും ദേഹത്ത് മരം വീഴുകയായിരുന്നു.

വയനാട് മുട്ടില്‍ വില്ലേജില്‍ രണ്ട് വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. വയനാട് ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ മുന്നൂറ് മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിക്കാനാണ് സാധ്യത. നൂല്‍പ്പുഴ, പനമരം മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍, 12 ക്യാമ്പുകള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ 569 പേര്‍ നിലവില്‍ ക്യാമ്പുകളിലാണ്. വൈത്തിരി താലൂക്കില്‍ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണ്ടെയ്‌മെന്റ് സോണിലുള്ളവരെ പ്രത്യേകം മുറികളില്‍ ആക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.

കണ്ണൂരില്‍ മലയോര മേഖലയിലും നഗരത്തിലും മരങ്ങള്‍ വീണ് നാശനഷ്ടം ഉണ്ടായി. പയ്യാമ്പലത്തെ ഫ്‌ലാറ്റിന്റെ ജനല്‍ ചില്ലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു. കണ്ണൂര്‍ സിറ്റി മേഖലയില്‍ വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി. പാലക്കാട് തിരുവേഗപ്പുറയില്‍ ഇന്നലത്തെ മഴയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ 27 ഷട്ടറുകളില്‍ ഇരുപത്തിയഞ്ചും തുറന്നു. മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കാസര്‍ഗോഡ് ജില്ലയില്‍ പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുത്തുമല, കള്ളാടി മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചാലിയാര്‍, ഇരുവഞ്ഞി പുഴകളില്‍ വെള്ളം കൂടാന്‍ സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലും കൈവഴിയായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവരു കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ജില്ലയില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുക്കത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് രാത്രി ഒമ്പത് മണിയോടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മുക്കം കുറ്റിപ്പാല കിഴക്കുംപാടം പാലാട്ടു കുഴി ഷാജിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ശക്തമായ കാറ്റില്‍ നിരവധി സ്ഥലത്ത് മരം വീണു. വൈദ്യുതി ബന്ധം താറുമാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button