തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച് ധനവകുപ്പ് ഇന്ന് ഉത്തരവിറക്കി. കേരള സര്‍വീസ് ചട്ടത്തിലെ 182 വകുപ്പ് അനുസരിച്ചാണ് ഉത്തരവ്. ബിജുലാലിനെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. ധനവകുപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ബിജുലാല്‍. ട്രഷറി തട്ടിപ്പില്‍ അറസ്റ്റിലായ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
ട്രഷറി വഴി ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ബിജുലാലിനെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കും മുമ്പ് എഴുപത്തിയഞ്ചു ലക്ഷം രൂപ കൂടി താന്‍ മോഷ്ടിച്ചിരുന്നെന്ന് അറസ്റ്റിലായ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് 75 ലക്ഷം രൂപ കവര്‍ന്നു കൊണ്ടാണ് തട്ടിപ്പ് തുടങ്ങിയതെന്ന് ബിജു സമ്മതിച്ചു. പണം ഉപയോഗിച്ചു റമ്മി കളിച്ചെന്നും ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നല്‍കി. വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്‍ ഭാസ്‌കറിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും മനസിലാക്കിയ ശേഷമാണ് ബിജു പണം തട്ടിയത്. താന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ ഭാസ്‌കര്‍ ബിജുവിന്റെ സഹായം തേടിയിരുന്നു. അന്നാണ് യൂസര്‍ നെയിമും പാസ് വേര്‍ഡും മനസിലാക്കിയത്. മാര്‍ച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി. ട്രഷറി ഓഫിസര്‍ അവധിയില്‍ പോയശേഷം പണം പിന്‍വലിക്കുകയായിരുന്നു.
Post Your Comments