Latest NewsNewsIndia

‘നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി’; വിഷമദ്യ ദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട അരവിന്ദ് കെജ്രിവാളിന് മറുപടിയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ചണ്ഡീഗഢ് : പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് ആളുകൾ മരിച്ച സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മറുപടി. ദാരുണമായ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പരാമർശങ്ങൾ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ്. പഞ്ചാബിൽ ക്ഷയിച്ച ആംആദ്മി പാർട്ടി പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഈ സംഭവത്തെ ചൂഷണം ചെയ്യരുത്. ഒട്ടേറെപേർ മരിച്ചുകിടക്കുമ്പോൾ അതിൽനിന്ന് രാഷ്ട്രീയലാഭമുണ്ടാക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും അമരീന്ദർ സിങ് ചോദിച്ചു. വിഷമദ്യ ദുരന്തത്തിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

പഞ്ചാബ് സർക്കാരിന്റെ അനാസ്ഥയാണ് വിഷമദ്യ ദുരന്തത്തിന് കാരണമെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. വ്യാജമദ്യം പിടികൂടിയാലും പോലീസ് തന്നെ കേസ് ഒതുക്കുന്നതാണ് പഞ്ചാബിലെ രീതിയെന്നും വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിഷമദ്യ ദുരന്തത്തിൽ പഞ്ചാബിലെ മൂന്ന് ജില്ലകളിലായി ഇതുവരെ 98 പേരാണ് മരിച്ചത്. ഇതിൽ 75 മരണവും താൺ തരൺ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമൃത്സറിൽ 12 പേരും ഗുരുദാസ്പുരിൽ 11 പേരും മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button