കൊച്ചി: ആലുവയില്‍ മരിച്ച മൂന്ന് വയസുകാരന് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം വ്യക്തമാക്കാനായി കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും. ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്കിയാല് വയറ്റില്‍നിന്ന് നാണയം പൊയ്ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേൻ നടത്താനായി കുട്ടികളുടെ സർജൻ ഇല്ലെന്നും പറഞ്ഞിരുന്നു.
Read also: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2020 യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
തുടർന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും കുട്ടിയുടെ എക്സ്റേ എടുത്തശേഷം നാണയം കുടലിനു താഴേക്ക് എത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. കണ്ടെയ്ന്മെന്റ് സോണില്‍നിന്നു വന്നതിനാല്‍ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷന് ചെയ്യേണ്ടതില്ലെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചത്. നാണയം സ്വയം പോയില്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു കുട്ടിയെ കൊണ്ടുവരാനും നിര്‍ദേശിച്ചു. ഒരു ദിവസം മുഴുവന്‍ അലഞ്ഞിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതു മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.
Post Your Comments