യുവതി ഓടിച്ച കാറിടിച്ച് നാലു പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡൽഹി ലജ്‌പത് നഗറിലെ അമർ കോളനിയിലാണു സംഭവം. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയും ഫാഷൻ ഡിസൈനറുമായ റോഷ്നി അറോറ-29 അറസ്റ്റിലായി. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപമായി പ്രചരിക്കുന്നുണ്ട്.
കാറിലിരുന്ന് ഐസ്ക്രീം കഴിക്കുന്നതിനിടെ അടുത്തിരുന്ന നായ തന്റെ മേൽ ചാടിയപ്പോൾ അറിയാതെ ആക്സിലറേറ്റർ അമർത്തിയെന്നാണു യുവതിയുടെ വാദം. മുന്നോട്ടു നീങ്ങിയ കാർ ഐസ്ക്രീം കച്ചവടക്കാരനെയും മറ്റു മൂന്ന് പേരെയും ഇടിക്കുകയായിരുന്നു. ശേഷം ഏതാനും മീറ്റർ കൂടി വണ്ടി നീങ്ങി. പരുക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതി മദ്യപിച്ചിരുന്നില്ലെന്നും കണ്ടെത്തി. മുകേഷ് കുമാർ, സപാന കുമാരി, ഹർഷിത് കൗർ, ഐസ്ക്രീം കച്ചവടക്കാരൻ ഗുഡ്ഡു എന്നിവർക്കാണ് പരുക്കേറ്റത്. മുകേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തതായി ഡിസിപി ആർ.പി. മീന പറഞ്ഞു. ഐസ്‌ക്രീം എടുക്കുന്നതിനിടെ തന്നെ കാർ ഇടിച്ചിട്ടുവെന്നും ഐസ്ക്രീം സ്റ്റാൾ തകർത്തെന്നുമാണു മുകേഷിന്റെ മൊഴി.
Post Your Comments