KeralaLatest NewsNews

ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും നിറവ് ലാക്‌ടേഷന്‍ കുക്കീസ് വിതരണാരംഭവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും ‘നിറവ്’ ലാക്‌ടേഷന്‍ കുക്കീസ് വിതരണാരംഭവും അങ്കണവാടികളില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദ്യ കുക്കീസ് കിറ്റ് സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ആഗോള തലത്തില്‍ ഓഗസ്റ്റ് മാസം ഒന്ന് മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. ‘ആരോഗ്യമുള്ളൊരു തലമുറയ്ക്കായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ചു ദേശീയതലത്തിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വെബിനാര്‍ പരമ്പര, ഓണ്‍ലൈന്‍ ക്വിസ്, തുടങ്ങി വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് മുലയൂട്ടുന്ന അമ്മമാരുടെ പോഷണത്തിനും, മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയ്യാറാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വനിത ശിശു വികസന വകുപ്പും ഹരിയാന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രെനര്‍ഷിപ് ആന്റ് മാനേജ്‌മെന്റിന്റെ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗവും സംയുക്തമായാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയ്യാറാക്കിയത്. പോഷക സമ്പന്നമായ ഗോതമ്പ് പൊടി, റാഗി പൊടി, ചെറുപയര്‍, ഏത്തയ്ക്കപ്പൊടി, ചക്കക്കുരുപൊടി, മുരിങ്ങയ്ക്ക പൊടി, ജീരകം, ഉലുവ, എള്ള്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 1615 മുലയൂട്ടുന്ന അമ്മമാര്‍ക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതം (4 എണ്ണം) ഒരു അമ്മയ്ക്ക് എന്ന കണക്കില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഈ ലാക്‌റ്റേഷന്‍ കുക്കികള്‍ വിതരണത്തിനായി തയ്യാറാക്കുന്നത്. 14.18 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിഫ്‌റ്റെം വൈസ് ചാന്‍സലര്‍ ഡോ. ചിണ്ടി വസുയപ്പ, രജിസ്ട്രാര്‍ ഡോ. ജെ. എസ് റാണാ, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. കോമള്‍ ചൗഹാന്‍, ഡോ. നീതു കുമ്രാ, കണ്‍സല്‍ട്ടന്റ് ആനന്ദന്‍ എന്നിവരടങ്ങിയ പോഷകാഹാര വിദഗ്ധരുടെ സംഘമാണ് ഉത്പന്നത്തിന്റെ രൂപകല്‍പ്പനയും ഉത്പാദന മാര്‍ഗരേഖയും ക്രമീകരിച്ചത്.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ., നിഫ്‌റ്റെം വൈസ് ചാന്‍സലര്‍, സമ്പുഷ്ട കേരളം പ്രോജക്ട് ജോ. കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പരിപാടിയില്‍ പങ്കെടുത്തു.

ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എച്ച്. ലജീന പെരിങ്ങമല കലയപുരം അങ്കണവാടി നമ്പര്‍ ആറിലെ സൗമ്യക്ക് വിട്ടിലെത്തി ആദ്യ കിറ്റ് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button