ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുകയാണ്. വളരെ പെട്ടെന്ന് പകരുന്ന രോഗമായതിനാല്‍ തന്നെ പല തരത്തിലാണ് ആളുകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. രോഗബാധിതരുടെ സ്രവത്തിലൂടെയാണ് പ്രധാനമായും കൊവിഡ് പടരുന്നത്. രോഗിയുമായി അടുത്തിടപഴകുമ്പോള്‍ സംസാരത്തിലൂടെയോ, ചുമയിലൂടെയോ മറ്റും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം പിടിപെടുന്നത്.
മറ്റൊരു രോഗവ്യാപന രീതിയായി കണക്കാക്കപ്പെടുന്നത് രോഗിയില്‍ നിന്നുള്ള സ്രവം വിവിധ പ്രതലങ്ങളിലെത്തുകയും അവിടെ നിന്ന് മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യുന്നതാണ്. ഇതെച്ചൊല്ലിയാണ് ഏറെയും ആശങ്കകള്‍ നിലനില്‍ക്കുന്നതും. രോഗിയായ ഒരു വ്യക്തി കടന്നുപോന്ന സ്ഥലങ്ങള്‍, സ്പര്‍ശിച്ചയിടങ്ങള്‍ ഇതിലൂടെയെല്ലാം നമ്മളിലും രോഗമെത്തുമോ എന്ന ഭയം. ഇക്കൂട്ടത്തിലാണ് പണമിടപാടുകളുടെ കാര്യത്തിലും വലിയ തോതിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. പല കൈകളിലൂടെ കൈമാറിയെത്തുന്ന നോട്ടുകള്‍ കൊവിഡ് കാലത്ത് സുരക്ഷിതമല്ലെന്നും അതിനാല്‍ പരമാവധി ഡിജിറ്റലായി ഇടപാടുകള്‍ നടത്തണമെന്നുമായിരുന്നു വ്യാപക പ്രചാരണം. എന്നാല്‍ നോട്ടുകളിലൂടെ രോഗം പടര്‍ന്നതിന് ഇതുവരേയും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ കറൻസികൾ അണുവിമുക്തമാക്കിയെടുക്കാന്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുക്കുകയും, മൈക്രോവേവ് ഓവനിലിട്ട് ചൂടാക്കിയെടുക്കുകയും ചെയ്യുകയാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം ആളുകള്‍. ആദ്യമാദ്യം ഈ പ്രവണത വലിയ ശ്രദ്ധ പിടിച്ചുപറ്റിയില്ലെങ്കിലും ഇപ്പോള്‍ ബാങ്കുകള്‍ തന്നെ ഇക്കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നതായി തുറന്നുപറഞ്ഞതോടെ ഇത് വിവാദമാവുകയാണ്. വാഷിംഗ് മെഷീനിലിട്ട് നശിപ്പിച്ച, വൻ തുകയുടെ നോട്ടുകളാണ് സിയോളിനടുത്തുള്ള ആന്‍സന്‍ നഗരത്തില്‍ താമസിക്കുന്ന ഒരു വ്യക്തി തങ്ങളുടെ ബാങ്കില്‍ കൊണ്ടുവന്നതെന്ന് ‘ബാങ്ക് ഓഫ് കൊറിയ’ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായി എത്ര പണമുണ്ടെന്ന് തിട്ടപ്പെടുത്താനാകാത്തതിനാല്‍, ഏകദേശം കണക്കാക്കിയാണ് നിയമപരമായി അദ്ദേഹത്തിന് പുതിയ നോട്ടുകള്‍ കൈമാറിയതെന്നും ഈ പ്രവണത ഇനിയും തുടര്‍ന്നാല്‍ അത് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും ബാങ്ക് ഉദ്യോഗസ്ഥയായ സിയോ ജീ വൂന്‍ പറയുന്നു.
കേടുപാടുകള്‍ സംഭവിച്ച നോട്ടുകള്‍ ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാം എന്നതാണ് നിയമം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എത്ര പണമാണ് ഈ വകുപ്പില്‍ ബാങ്കുകള്‍ക്ക് വിതരണം ചെയ്യാനാവുകയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
Post Your Comments