മോസ്‌കോ : ഒക്ടോബറില്‍ രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കംകുറിക്കാനൊരുങ്ങി റഷ്യ. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് ഈ മാസം അധികൃതര്‍ അന്തിമ അനുമതി നല്‍കുമെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം , റഷ്യയുടെ അതിവേഗത്തിലുള്ള നീക്കങ്ങളില്‍ വിദഗ്ധര്‍ക്ക് ആശങ്കയുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. റഷ്യയും ചൈനയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ ശരിയായ രീതിയിലല്ല നടത്തുന്നതെന്ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി അഭിപ്രായപ്പെട്ടിരുന്നു. സുരക്ഷിതമായ വാക്‌സിന്‍ അമേരിക്ക ഈ വര്‍ഷം അവസാനം പുറത്തിറക്കും. അമേരിക്കയെക്കാള്‍ മുമ്പെ മറ്റാരെങ്കിലും വാക്‌സിന്‍ കണ്ടെത്തുമെന്നോ അതിനുവേണ്ടി ആരെയെങ്കിലും ആശ്രയിക്കേണ്ടി വരുമെന്നോ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 20-ലേറെ ക്ലിനിക്കല്‍ ട്രയലുകളും നടക്കുന്നുണ്ട്. അതിനിടെ മോസ്‌കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയെന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അവകാശപ്പെട്ടതായി ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതിനിടെ, കോവിഡ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളെ റഷ്യയിലെ ഹാക്കിങ് ഗ്രൂപ്പ് ലക്ഷ്യംവെക്കുന്നുവെന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പുമായി യു.കെ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ കഴിഞ്ഞമാസം രംഗത്തെത്തിയിരുന്നു.
എപിടി29 എന്ന് വിളിക്കുന്ന സംഘം റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഭാഗമാണെന്നകാര്യം 95 ശതമാനം ഉറപ്പാണെന്ന് യു.കെയുടെ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
Post Your Comments