തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. തുടര്‍ ഭരണത്തില്‍ മുഖ്യനാകുന്ന പകല്‍ക്കിനാവ് കണ്ടങ്ങനെ ആനന്ദ പുളകിതനായി കഴിയുകയായിരുന്നു കോടിയേരിയെന്നും എന്നാല്‍ പെട്ടെന്നൊരു ദിവസം സുനാമി കണക്കെ സ്പ്രിഗ്ലര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെയുള്ള അഴിമതികള്‍ ഒന്നൊന്നായി ആഞ്ഞടിച്ചതെന്നും ഇതോടെ സ്വബോധം നഷ്ട്ടപ്പെട്ട ബാലകൃഷ്ണ്ണന്‍ ഇപ്പോള്‍ പിച്ചും പേയും പറഞ്ഞ് തുടങ്ങിയിരിക്കുകയാണെന്ന് സുരേഷ് പരിഹസിച്ചു.
തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് കോടിയേരിക്കെതിരെ രംഗത്ത് വന്നത്. മതമെടുത്ത് ആയുധമാക്കി വോട്ടുപിടുത്തം നടത്തുന്ന സിപിഎം പണ്ടു മുതലെ മത, ജാതി ധ്രുവീകരണത്തിലൂടെ വോട്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇപ്പോള്‍ ഗാഹിയ സോഫിയ ഉയര്‍ത്തി ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്‍.എസ്.യു ദേശീയ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്, നന്നേ ചെറുപ്പത്തില്‍ കേരള ക്യാബിനറ്റ് മന്ത്രി, നാലു തവണ പാര്‍ലമെന്റംഗം, ദീര്‍ഘകാലം കെപിസിസി പ്രസിഡന്റ്, കേരളത്തിന്റെ ആഭ്യന്തര മന്ത്രി, നിലവില്‍ പ്രതിപക്ഷ നേതാവ് ഇങ്ങനെയൊക്കെയുള്ള ശ്രീ രമേശ് ചെന്നിത്തലയുടെ നേര്‍ക്ക് ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതിന്റെ ഔചിത്യം മെന്താണെന്നും നെല്ലിക്കാത്തളം മാത്രമല്ല മൂലമറ്റത്തെ മുഴുവന്‍ പവറും കോടിയേരിയുടെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണെന്നും ഒരു കുറവും വരുത്തരുതെന്നാണ് അപേക്ഷയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മണക്കാട് സുരേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
നെല്ലിക്കാത്തളം ഒരു ചെറിയ ചികിത്സയല്ല.
വിഭ്രാന്തിക്ക് നെല്ലക്കാത്തളവും പൊതുവെ അംഗീകരിക്കപ്പെട്ട ഒരു പാരമ്പര്യ ചികിത്സയാണ്, CPM സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ കോടിയേരി ബാലകൃഷ്ണന്, താന്‍ തുടര്‍ ഭരണത്തില്‍ മുഖ്യനാകുന്ന പകല്‍ക്കിനാവ് കണ്ടങ്ങനെ ആനന്ദ പുളകിതനായി കഴിയവെയാണ് പെട്ടെന്നൊരു ദിവസം സുനാമി കണക്കെ സ്പ്രിഗ്ലര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെയുള്ള അഴിമതികള്‍ ഒന്നൊന്നായി ആഞ്ഞടിച്ചത്.മോഹഭംഗനഭസ്സിലെ ശാപപങ്കില വഴികളില്‍ സ്വബോധം നഷ്ട്ടപ്പെട്ട ബാലകൃഷ്ണ്ണന്‍ ഇപ്പോള്‍ പിച്ചും പേയും പറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇഞ്ചികടിച്ച കുരങ്ങന് കാണുന്നിടത്തൊക്കെ തലങ്ങും വിലങ്ങും കടിക്കുന്ന പോലെ ഈ വിഭ്രാന്തിയെ താരതമ്യം ചെയ്യാം. ഒടുവില്‍ ചെന്നിത്തലയെ വിമര്‍ശിച്ച് ലേഖനമെഴുതുകയെന്ന ചിത്തവൃത്തിയില്‍ കാര്യങ്ങള്‍ എത്തി നില്ക്കുന്നു.
NSU ദേശീയ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്, നന്നേ ചെറുപ്പത്തില്‍ കേരള ക്യാബിനറ്റ് മന്ത്രി, നാലു തവണ പാര്‍ലമെന്റംഗം, ദീര്‍ഘകാലം KPCC പ്രസിഡന്റ്, കേരളത്തിന്റെ ആഭ്യന്തര മന്ത്രി, നിലവില്‍ പ്രതിപക്ഷ നേതാവ് ഇങ്ങനെയൊക്കെയുള്ള ശ്രീ രമേശ് ചെന്നിത്തലയുടെ നേര്‍ക്ക് RSS ബന്ധം ആരോപിക്കുന്നതിന്റെ ഔചിത്യം മെന്ത്?നെല്ലിക്കാത്തളം മാത്രമല്ല മൂലമറ്റത്തെ മുഴുവന്‍ പവറും കോടിയേരിയുടെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്.ഒരു കുറവും വരുത്തരുതെന്ന് അപേക്ഷ.
ചെന്നിത്തലയ്ക്ക് പുറമെ ലീഗിനെയും മാന്തുകയാണ്.ഹാഗിയ സോഫിയ മ്യൂസിയം മോസ്ക്ക് ആക്കി മാറ്റിയ തുര്‍ക്കി ഗവ: മെന്റ് തീരുമാനം സ്വാഗതം ചെയ്തുവെന്ന് പറഞ്ഞാണ് കോടിയേരിയിപ്പോള്‍ മുസ്ലിം ലീഗിന്റെ പുറത്ത് കയറുന്നത്? ഈ മുസ്ലിങ്ങളോട്, അവരുടെ പാര്‍ട്ടി എന്തായാലും, CAA പ്രതിക്ഷേധകാലത്ത് മുഖ്യന് പറഞ്ഞത് കോടിയേരി മറന്നോ?? സുരക്ഷിത കോട്ടയാണിവിടം എന്നാണ് അന്ന് പിണയായി പറഞ്ഞത്. ആ കോട്ടയിലാണ് കോടിയേരി ഇപ്പോള്‍ കോലിട്ട് കുത്തുന്നത്. മത ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനതയ്ക്ക് CPM ന്റെ ഇരട്ട താപ്പ് ഇപ്പോള്‍ മനസ്സിലായി.
മതമെടുത്ത് ആയുധമാക്കി വോട്ടുപിടുത്തം നടത്തുന്ന CPM പണ്ടു മുതലെ മത, ജാതി ധ്രുവീകരണത്തിലൂടെ വോട്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നു.. ഇപ്പോള്‍ ഗാഹിയ സോഫിയ ഉയര്‍ത്തി ആരെ ലക്ഷ്യം വയ്ക്കുന്നു? ക്രിസ്ത്യനികളെയോ? കേരളത്തിലെ ക്രിസ്ത്യാനികള്‍ ചരിത്രപരമായി വിഢികളല്ല. ഹാഹിയ സോഫിയAD 525 മുതല്‍ AD 1453 വരെ ചര്‍ച്ചും 1454 മുതല്‍ മുസ്തഫകമാല്‍ അറ്റാതുര്‍ക്കിന്റെ സെക്കുലര്‍ ഭരണം വരുന്നവരെ മോസ്ക്കായിരുന്നതും മുസ്തഫ കമാല്‍ അറ്റാ തുര്‍ക്ക് അതിനെ പിന്നീട് മ്യൂസിയമാക്കി മാറ്റിയതുമായ ചരിത്രം കമ്യൂണിസ്റ്റുകള്ക്കറിയില്ലെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കറിയാം. ഇന്നത്തെ മതാധിഷ്ഠിത ഭരണകൂടമായ തുര്‍ക്കിയില്‍ ഹാഹിയസോഫിയ മ്യൂസിയത്തില്‍ നിന്ന് മോസ്ക്കായി മാറുമ്പോള്‍ അത് വ്യവസ്ഥിതിയുടെ പ്രശ്നമായി കാണാന്‍ മനുഷ്യര്‍ പഠിച്ച കാര്യം കോടിയേരി മനസ്സിലാക്കിയാല്‍ നന്ന്.
മതേതര മൂല്യങ്ങളില്‍ നിന്നൊരു വഴുക്കല്‍ ജീവിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യനും ലോകത്താഗ്രഹിക്കുന്നില്ല. ഒരു സംസ്കൃത ശ്ലോകം ഇവിടെ ഓര്‍മ്മ വരുന്നു.”സര്വ്വോപായ പരിക്ഷീണാ വൃദ്ധാ വേശ്യാ പതിവ്രതാ” (സര്‍വ്വ വേലകളും കഴിഞ്ഞപ്പോള്‍ കിഴവിയായ തേവിടിശ്ശി പതിവ്രതയായി) അതു പോലെ സര്‍വ്വ വേലകളും പാഴായപ്പോള്‍ കോടിയേരി RSS ബന്ധവും കൊണ്ടിറങ്ങിയിരിക്കയാണ് പരിശുദ്ധരാണ് തങ്ങളെന്ന് മത ന്യൂനപക്ഷങ്ങള്‍ക്ക് മുന്നില്‍ നിരത്താനായി.1977- 1989 കാലഘട്ടങ്ങളിലെ RSS ,BJP സംഖ്യ കേന്ദ്ര ഇടതുഭരണം ജനം മറന്നിട്ടില്ല.
രമേശ് ചെന്നിത്തലയുടെ മേല്‍ RSS ബന്ധം ആരോപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?? മുസ്ലിം വോട്ട് ലാക്കാക്കിയല്ലെ?RSS നെ സ്വാഭികമായി എതിര്‍ക്കുന്നവരാണ് മുസ്ലിം എന്ന ധാരണയില്‍ അവരുടെ ശ്രദ്ധയില്‍ ചെന്നിത്തല ഒരു RSS ബന്ധമുള്ള ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ഗാഹിയ സോഫിയയുടെ പേരില്‍ മുസ്ലിം ലീഗിനെ കുത്തുകയും ചെയ്യുന്നു. എന്ത് യുക്തിയാണിത്? മുസ്ലിം ലീഗില്‍ ഇനിയെങ്ങാനും ഹിന്ദുക്കളും RSS കാരുമാണോ ഉള്ളത്?? ആകെ മൊത്തം ടോട്ടല്‍ കണ്ഫ്യൂഷന്.നെല്ലിക്കാത്തളം മാത്രമല്ല മൂലമറ്റത്തെ മുഴുവന്‍ പവറും ഉപയോഗിച്ച് ഒന്ന് ക്ഷോക്കടിപ്പിച്ചു നോക്കിയാല്‍ ഒരു ഫലവുമുണ്ടാകില്ലായെങ്കിലും ശ്രമിച്ചു നോക്കിയല്ലോ എന്ന ചാരിതാര്‍ത്ഥ്യമെങ്കിലും CPM ന് ഉണ്ടാകും. കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തി അഭീഷ്ട്ടകാര്യസാധ്യം നിര്‍വ്വഹിക്കപ്പെടുന്ന ഒരു കുടുംബത്തിലെ ഗൃഹനാഥന് കൂടിയാണല്ലോ പുളളി അതു കൊണ്ട് ആ വഴിക്കും ഒന്ന് പരീക്ഷിച്ചു നോക്കുന്നതില്‍ കുഴപ്പമില്ല..
Post Your Comments