COVID 19Latest NewsIndiaNews

കോവിഡില്ലെന്നു വ്യാജ പരിശോധനാ ഫലം; ബാങ്ക് മാനേജര്‍ മരിച്ചു, 3 പേര്‍ പിടിയില്‍

കൊല്‍ക്കത്ത : കോവിഡ് പരിശോധനയിലും തട്ടിപ്പ്. കോവിഡ് ഇല്ലെന്ന് സ്വകാര്യ ലാബ് നല്‍കിയ പരിശോധനാ ഫലത്തിനു പിന്നാലെ ബാങ്ക് മാനേജര്‍ മരിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്താകുന്നത്. കൊല്‍ക്കത്തയിലാണ് സംഭവം. ഇതോടെ വ്യാജ കോവിഡ് ഫലം നല്‍കി പണം തട്ടിയ മൂന്നു പേര്‍ അറസ്റ്റില്‍. സ്വകാര്യ ലാബ് ഉടമയും സര്‍ക്കാര്‍ ആശുപത്രി കരാര്‍ ജീവനക്കാരുമാണ് പിടിയിലായത്. കോവിഡ് ഇല്ലെന്ന വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ ബാങ്ക് മാനേജര്‍ മരിച്ച സംഭവത്തെത്തുടര്‍ന്നു ഭാര്യ പരാതി നല്‍കിയപ്പോഴാണു തട്ടിപ്പ് പുറത്തായത്. സംഭവത്തിനു പിന്നില്‍ വന്‍ സംഘമാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതായി സൗത്ത് കൊല്‍ക്കത്ത നേതാജി നഗര്‍ പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അന്‍പത്തിയേഴുകാരനായ ബാങ്ക് മാനേജര്‍ മരിച്ചത്.

read also : ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ : പരീക്ഷണത്തിന് കേന്ദ്രാനുമതി

ദിവസങ്ങളായി ബാങ്ക് മാനേജര്‍ക്ക് ചുമയും പനിയും ജലദോഷവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബഡോക്ടറാണ് ഒരു ലാബിലേക്ക് അയച്ചത്. കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്കു യാത്ര ചെയ്യാനാകാത്ത വിധം അവശനായിരുന്നു ബാങ്ക് മാനേജര്‍. ലാബ് ഉടമ ഒരാളെ സ്രവം ശേഖരിക്കാനായി ജൂലൈ 25ന് അയച്ചു. പിറ്റേന്നുതന്നെ ഫലം നെഗറ്റിവാണെന്ന വിവരം ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഉറപ്പിക്കാന്‍ ഒരു ഫോമും നല്‍കി. ഒരു വാട്സാപ് സന്ദേശം വഴിയും ഇക്കാര്യം വ്യക്തമാക്കി.

എന്നാല്‍ വൈകാതെ ഇദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. തുടര്‍ന്ന് ഒരു നഴ്‌സിങ് ഹോമിലേക്കു മാറ്റി. അസുഖം മൂര്‍ച്ഛിച്ച് എംആര്‍ ബാങ്കുര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഫോമിലെ തട്ടിപ്പ് വ്യക്തമായത്. ഔദ്യോഗിക പരിശോധനാ ഫലം പ്രിന്റ് ചെയ്താണ് നല്‍കിയിരുന്നത്. മാത്രവുമല്ല അതിലെ സ്‌പെസിമെന്‍ റഫറല്‍ ഫോം (എസ്ആര്‍എഫ്) ഐഡിയില്‍ 13 അക്കങ്ങളുമുണ്ടാകും. എന്നാല്‍ തട്ടിപ്പു സംഘം വ്യാജമായാണ് ഫോം നിര്‍മിച്ചത്. പ്രിന്റ് ചെയ്യുന്നതിനു പകരം എഴുതിയാണ് ഫലം നല്‍കിയത്. എസ്ആര്‍എഫ് ഐഡിയിലാകട്ടെ ഒന്‍പത് അക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ.

സ്രവ സാംപിള്‍ ശേഖരിക്കുമ്പോള്‍ പൂരിപ്പിക്കേണ്ട ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) നിര്‍ദേശിച്ച ഫോമും ഇവര്‍ വ്യാജമായി നിര്‍മിച്ചു. സാംപിള്‍ ശേഖരിക്കാന്‍ 2000 രൂപയാണു വാങ്ങിയത്. ജൂലൈ 26ന് ഫലം വന്നു, ജൂലൈ 30ന് ബാങ്ക് മാനേജര്‍ മരിച്ചു. ഫലം നെഗറ്റിവാണെന്നറിഞ്ഞ ആശ്വാസത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാതിരുന്നതാണെന്നും മാനേജരുടെ മകന്‍ പറയുന്നു. സ്രവസാംപിള്‍ എടുക്കാന്‍ വന്നവര്‍ സാംപിള്‍ ടെസ്റ്റ് ചെയ്യുന്നത് പ്രശസ്തമായ ലാബറട്ടറിയിലാണെന്നാണു പറഞ്ഞത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഈ ലാബിലേക്ക് ഇവര്‍ വന്നിട്ടില്ലെന്നു മനസിലായി. ലാബിന്റെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയതിനും കേസുണ്ട്.

സന്ദേശം അയച്ച വാട്‌സാപ് നമ്പര്‍ പരിശോധിച്ചാണ് ഒരാളെ പിടികൂടിയത്. പ്രാദേശിക ലബോറട്ടറി ഉടമയായ അനിത് പൈറ, സഹോദരങ്ങളായ ഇന്ദ്രജിത്ത് സിക്ദര്‍(26), ബിശ്വജിത് സിക്ദര്‍(23) എന്നിവരാണു പിടിയിലായത്. രണ്ട് വ്യത്യസ്ത സര്‍ക്കാര്‍ ആശുപത്രിലെ കരാര്‍ ജീവനക്കാരാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button