![](/wp-content/uploads/2020/08/a-6.jpg)
മുംബൈ,പ്രമുഖ ബോളിവുഡ് നടന്റെ മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഖുമൈല്‍ ഹനീഫ് പട്ടാനി എന്നയാളെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്.
പ്രതിയുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയും ബോളിവുഡ് നടന്റെ മകളും ഒരേ കോളേജിലാണ് നേരത്തെ പഠിച്ചിരുന്നത്. ഈ സമയത്തെ സ്വകാര്യ ചിത്രങ്ങളാണ് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് യുവാവ് ഭീഷണിയുമായെത്തിയത്. കഴിഞ്ഞ ദിവസം സാമൂഹ്യ മാദ്ധ്യമം വഴി ഇക്കാര്യം സൂചിപ്പിച്ച് ഇയാള്‍ പെണ്‍കുട്ടിയ്ക്ക് സന്ദേശം അയച്ചിരുന്നു.
പിന്നാലെ പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണി സന്ദേശങ്ങളും അയച്ചു. ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പണം വേണമെന്നായിരുന്നു ആവശ്യം. പണം നല്‍കാമെന്ന് പെണ്‍കുട്ടി ആദ്യം സമ്മതിച്ചെങ്കിലും യുവാവ് വീണ്ടും പണം ആവശ്യപ്പെട്ടതോടെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
Post Your Comments