മുംബൈ : മഹാരാഷ്ട്രയിൽ കുതിച്ചുയരുകയാണ് കോവിഡ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,601 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി. ശനിയാഴ്ച 322 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 15,316 ആയി.
പുതിയ രോഗികളിൽ 1,059 പേരും മുംബൈയിലാണ്. സംസ്ഥാനത്ത് 2,66,883 പേർ ഇതുവരെ രോഗമുക്തരായി. ബുധനാഴ്ച മാത്രം 10,725 പേർക്ക് രോഗം ഭേദമായി. 61.82 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,49,214 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. ഇതിൽ 46,345 പേരും പുണെയിലാണ്.
ആന്ധ്രയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,276 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ ഒന്നര ലക്ഷം കടന്നു. 1,407 പേരുടെ ജീവൻ ഇതുവരെ നഷ്ടമായി. 76,614 പേർ ഇതിനോടകം രോഗമുക്തരായി. 72,188 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.30 ലക്ഷത്തിലേക്ക് അടുക്കുന്നു. ശനിയാഴ്ച 5,172 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പേർ മരിച്ചതോടെ ആകെ മരണം 2,412 ആയി ഉയർന്നു. 73,219 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 53,648 പേർ ഇതുവരെ രോഗമുക്തരായി. ശനിയാഴ്ച മാത്രം 3,860 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
Post Your Comments