KeralaLatest NewsNews

സഖ്യം കോണ്‍ഗ്രസും സിപി.എമ്മും തമ്മില്‍: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളില്‍ രൂപീകരിച്ച സി.പി.എം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശീയതലത്തില്‍ നിലനില്‍പ്പു നഷ്ടപ്പെട്ട സി.പി.എമ്മും കോണ്‍ഗ്രസും പിടിച്ചുനില്‍ക്കാന്‍ ഏത് അറ്റംവരെയും പോകും എന്നതിന്റെ ഉദ്ദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പിയുടെ വളര്‍ച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം,വട്ടിയൂര്‍ക്കാവ് മോഡല്‍ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മുസ്ലിംലീഗ് ഒപ്പം കൂട്ടുന്നതും ബി.ജെ.പി വിരോധത്തിന്റെ പേരിലാണ്.

ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ കൊടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സി.പി.എം സര്‍ക്കാരുകളാണ്. ടി.പി വധക്കേസില്‍ സി.പി.എമ്മിന്റെ ഉന്നതര്‍ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. കൊടിയേരി കണ്ണടച്ച് പാലുകുടിച്ചാല്‍ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button