Latest NewsNewsBusiness

മണപ്പുറം ഫിനാന്‍സിന് 368 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 367.97 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 266.78 കോടി രൂപയായിരുന്ന ലാഭത്തില്‍ ഇത്തവണ 37.93 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഉപസ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ ഒന്നാം പാദ അറ്റാദായം 369.11 കോടി രൂപയാണ്. 2019-20 സാമ്പത്തിക വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ അറ്റാദായത്തില്‍ 7.59 ശതമാനത്തിന്റെ ഇടിവുണ്ടായി. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയുടെ പ്രതിഫലനമാണിത്.

‘ലോക്ഡൗണ്‍ കാരണം ബിസിനസ് അന്തരീക്ഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ പാദമായിരുന്നു ഇത്. എങ്കിലും ഞങ്ങളുടെ പ്രധാന ബിസിനസായ സ്വര്‍ണ വായ്പാ രംഗത്ത് വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞു. ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ പ്ലാറ്റ്‌ഫോം അടക്കമുള്ള ഡിജിറ്റല്‍ സേവനസൗകര്യങ്ങളാണ് സഹായകമായത്,’ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.

ഒന്നാം പാദത്തിലെ മൊത്തം പ്രവര്‍ത്തന വരുമാനം 1,512.53 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27.03 ശതമാനം വര്‍ധിച്ചു. മൊത്തം ആസ്തി 25.56 ശതമാനം വര്‍ധിച്ച്, 20,185.94 കോടിയില്‍ നിന്നും 25,345.83 കോടി രൂപയായും ഉയര്‍ന്നു.

സ്വര്‍ണ വായ്പാ വിഭാഗത്തില്‍ 33.44 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് മുന്‍ വര്‍ഷത്തെ 13,292.41 കോടിയില്‍ നിന്നും 17,736.79 കോടി രൂപയായി ഉയര്‍ന്നു. ത്രൈമാസ കാലയളവില്‍ ആകെ 68,389.77 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു. അതേസമയം ലോക്ഡൗണ്‍ കാരണം ശാഖകള്‍ അടച്ചിട്ടിരുന്നതിനാല്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണം 0.33 ലക്ഷത്തില്‍ പരിമിതപ്പെട്ടു. 2020 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 24.9 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.

കമ്പനിയുടെ മൈക്രോഫിനാന്‍സ് ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ ആസ്തി ആദ്യ പാദത്തില്‍ 20.01 ശതമാനം വര്‍ധിച്ച് 5,038.31 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 4,198.30 കോടി രൂപയായിരുന്നു ഇത്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,041 ശാഖകളും 23.55 ലക്ഷം ഉപഭോക്താക്കളുമുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് ഇപ്പോള്‍ ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ-മൈക്രോഫിനാന്‍സ് കമ്പനിയാണ്.

മണപ്പുറം ഗ്രൂപ്പിന്റെ ഭവന വായ്പാ ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 541.66 കോടി രൂപയില്‍ നിന്ന് 627.33 കോടി രൂപയായി വര്‍ധിച്ചു. വാഹന, ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 1,270.29 കോടി രൂപയായും ഉയര്‍ന്നു. കമ്പനിയുടെ സ്വര്‍ണ വായ്പാ ഇതര ബിസിനസുകളുടെ ആസ്തി മൊത്തം ആസ്തിയുടെ 30 ശതമാനമാണിപ്പോള്‍.

കമ്പനിയുടെ ശരാശരി കടമെടുക്കല്‍ ചെലവുകള്‍ ഏഴ് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് ഒന്നാം പാദത്തില്‍ 9.39 ശതമാനമായി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 1.25 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.70 ശതമാനവുമാണ്. 2020 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ആസ്തി മൂല്യം 6,036.77 കോടി രൂപയാണ്. ഓഹരിയുടെ ബുക് വാല്യൂ 71.43 രൂപയായി. മൂലധന പര്യാപ്തതാ അനുപാതം (ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടാതെ) 22.94 ശതമാനവുമാണ്. എല്ലാ സ്ഥാപനങ്ങളും ഉള്‍പ്പെടെ കമ്പനിയുടെ ആകെ കടമെടുക്കല്‍ 23.980.26 കോടി രൂപയാണ്. കമ്പനിക്ക് നിലവില്‍ 49.99 ലക്ഷം ഉപഭോക്താക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button