ലക്നൗ : സ്ത്രീധനത്തിന്‍റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു. അലിഗഡ് സ്വദേശി സഫർ അലിയുടെ മകൾ ബാരിഷ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സഹിബബാദ് മേഖലയിൽ നിന്നാണ് സ്യൂട്ട് കേസിലാക്കിയ നിലയിൽ അജ്ഞാതയായ യുവതിയുടെ മൃതേദഹം കണ്ടെത്തിയത്. പ്രദേശവാസികൾ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഗസീയബാദ് പൊലീസ് ഇവർ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതേദഹം ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചതാകാം എന്ന പ്രാഥമിക സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സമീപത്തെ സിസിറ്റിവി ദൃശ്യങ്ങൾ അടക്കം തെളിവിനായി ശേഖരിച്ചുവെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നു. തുടർന്ന് യുവതിയുടെ ചിത്രം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു. ഇതാണ് കേസിൽ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ നിന്നും യുവതിയെ തിരിച്ചറിഞ്ഞ ഡൽഹിയിലുള്ള ബന്ധു കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചു യുവതിയെ തിരിച്ചറിഞ്ഞു.
ഈയടുത്താണ് ബുലന്ദ്ഷഹറിലെ യുവാവുമായി ബാരിഷയുടെ വിവാഹം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ജൂലൈ 25ന് ബാരിഷയുടെ മാതാപിതാക്കൾ സ്ത്രീധന പീഡനം ആരോപിച്ച് മകളുടെ ഭർത്താവിന്‍റെ കുടുംബത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ കാണാതായതെന്നാണ് ആരോപണം. രണ്ട് ദിവസത്തിന് ശേഷമാണ് സ്യൂട്ട് കേസിൽ അടച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Post Your Comments