കോട്ടയം,മെഡി. കോളജ് ആശുപത്രിക്ക് പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗര്‍ഭിണികളടക്കം നാലുപേര്‍ക്കാണ് ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഏഴ്, എട്ട്, നാല് വാര്‍ഡുകള്‍ അടച്ചു. ഒ.പിയിലെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മെഡിസിന്‍ വാര്‍ഡില്‍ ഒരാള്‍ക്കും. ഏഴ്, എട്ട് വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരടക്കം 17 പേരാണ് ഉണ്ടായിരുന്നത്.
ഇവരെ ഇവിടെതന്നെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഇവരുടെയെല്ലാം ആന്‍റിജന്‍ പരിശോധനഫലം നെഗറ്റിവ് ആയിരുന്നു. രോഗം ബാധിച്ചവരുടെ സമീപ കിടക്കകളിലുണ്ടായിരുന്നവര്‍ അതിതീവ്ര സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടതിനാല്‍ ഇവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. നാലാം വാര്‍ഡില്‍ പ്രസവം കഴിഞ്ഞ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരുന്ന യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുണ്ടായിരുന്ന 37 ഗര്‍ഭിണികളെ പീഡിയാട്രിക് വാര്‍ഡിലേക്കു മാറ്റി.
അതിതീവ്ര സമ്ബര്‍ക്കപ്പട്ടികയില്‍പെട്ട ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടര്‍, രണ്ട് ഹൗസ് സര്‍ജന്‍മാര്‍, രണ്ട് സ്റ്റാഫ് നഴ്സുമാര്‍ എന്നിവരടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പോയി. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് ക്വാറന്‍റീനിലാണ്. മെഡി. കോളജില്‍ ഗൈനക്കോളജി ഒ.പി അടച്ചതോടെ ജനറല്‍ ആശുപത്രിയെയാണ് ഗര്‍ഭിണികള്‍ ആശ്രയിക്കുന്നത്. എന്നാല്‍, ഇവിടെയും കോവിഡ് വ്യാപനമുണ്ടായത് ആശങ്ക ഉയര്‍ത്തുന്നു.
കൂടുതല്‍ ജീവനക്കാര്‍ ക്വാറന്‍റീനില്‍ പോകുന്നതോടെ അടിയന്തരമായി ഇന്‍റര്‍വ്യൂ നടത്തി ജീവനക്കാരെ എടുക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. 30 നഴ്സുമാരുടെ കുറവ് ജനറല്‍ ആശുപത്രിയിലുണ്ട്. 15 പേരെ അടുത്താഴ്ച നിയമിക്കും. കോട്ടയം മെഡി. കോളജില്‍ ഗൈനക്കോളജി വിഭാഗത്തിലെ 12 രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒ.പിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. 15 ഡോക്ടര്‍മാരും 12 നഴ്സുമാരും 10 ജീവനക്കാരും ക്വാറന്‍റീനില്‍ പോവുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഒഴികെ മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
Post Your Comments