കൊച്ചി: ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി. നഗരത്തിനു പുറത്ത് പേട്ട ജംക്‌ഷൻ, തോപ്പുംപടി, കുണ്ടന്നൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയിൽ ചില പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തോരാതെ നിന്നു പെയ്യുകയാണ്.
എറണാകുളത്തെ പി ആന്‍ഡി ടി കോളനിയിലെ 87 വീടകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. എന്നാൽ ഇവരെ മാറ്റി താമസിപ്പിക്കാന്‍ പോലീസും തഹസില്‍ദാരും എത്തിയെങ്കിലും നാട്ടുകാര്‍ അധികൃതരോട് സഹകരിച്ചില്ല, നിരവധി വര്‍ഷങ്ങളായി തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ താത്കാലികമായി മാറ്റിത്താമസിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് ഇവർ പറയുന്നത്.
താത്കാലികമായി മാറാന്‍ തയ്യാറാവുകയാണെങ്കില്‍ പോലും വീണ്ടും ഇവിടേക്ക് വരേണ്ടിവരും. ഇതാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് പോകാന്‍ കാരണമെന്നും ഇവർ പറയുന്നു. അതേസമയം പ്രതിഷേധം ശമിപ്പിക്കാന്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
Post Your Comments